കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഗർഭിണികൾ ഉൾപ്പെടെയുള്ളവര്‍ക്കാണ് രോഗബാധ. മെഡിക്കൽ കോളജിലെ ജി. ഏഴ്, ജി. എട്ട് വാർഡുകളിലായാണ് ഇവർ ചികിത്സയിലുണ്ടായിരുന്നത്. ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആശുപത്രിയിലെ മൂന്നാമത്തെ വാർഡും അടച്ചു. രോഗബാധിതര്‍ക്കൊപ്പം ചികിത്സയില്‍ ഉണ്ടായിരുന്നവരെ മറ്റൊരു വാർഡില്‍ നീരീക്ഷണത്തിലാക്കി. ഇവരെ ചികിത്സിച്ച ഡോക്ടർമാരടക്കം നിരീക്ഷണത്തിലാണ്.
നേരത്തെ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലും, നേത്രരോഗ വിഭാഗത്തിലും ചികിത്സയില്‍ ഉണ്ടായിരുന്നവരില്‍ രോഗബാധ കണ്ടെത്തിയതോടെ വാർഡുകൾ അടക്കുകയും ഡോക്ടർമാർ നിരീക്ഷണത്തിൽ പോവുകയും ചെയ്തിരുന്നു. നിലവിൽ വിവിധ കൊവിഡ് സമ്പർക്ക പട്ടികയിൽ ഉള്‍പ്പെട്ട് പതിനാറ് ഡോക്ടർമാരാണ് നിരീക്ഷണത്തിലുള്ളത്. തുടർച്ചയായി മെഡിക്കൽ കോളജിൽ എത്തുന്നവരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിനാല്‍ കടുത്ത ജാഗ്രതയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്ന ഗാന്ധിനഗർ മേഖല.