കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ 34 ആനകൾക്ക് ആനയൂട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ ഭദ്രദീപം കൊളുത്തി ആനയൂട്ട് ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി എന്‍ വാസവനും, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎൽഎയും ചടങ്ങിൽ പങ്കെടുത്തു.
ക്ഷേത്രോപദേശക സമിതിയാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ആദ്യമായാണ് ഇത്രയധികം ആനകളെ പങ്കെടുപ്പിച്ച് തിരുനക്കരയിൽ ആനയൂട്ട് നടത്തുന്നത്. 29 കൊമ്പനാനകളും അഞ്ച് പിടിയാനകളുമാണ് ആനയൂട്ടിൽ പങ്കെടുത്തത്.
ക്ഷേത്ര മൈതാനത്ത് വച്ച് നടന്ന ആനയൂട്ടിൽ ഭക്തർക്ക് ആനയൂട്ട് സമർപ്പിക്കാനും അവസരമുണ്ടായിരുന്നു. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിന്ന് മൈതാനത്തേക്ക് ഇറങ്ങിയ ആനകളെ ഭക്തർ ആർപ്പുവിളിയോടെ വരവേറ്റു. വർഷം തോറും ക്ഷേത്രത്തിൽ നടക്കുന്ന തിരുനക്കര പൂരം വീണ്ടുമെത്തിയ പ്രതീതിയിലാണ് ആനയൂട്ട് നടന്നത്.
തന്ത്രി താഴമണ്‍മഠം കണ്‌ഠരര് മോഹനൻ ചടങ്ങുകൾക്ക് കാര്‍മികത്വം വഹിച്ചു. പ്രത്യേകം തയാറാക്കിയ ചോറും കരിമ്പും പഴങ്ങളും ആനകൾക്ക് നൽകി. തിരുനക്കര മഹാദേവന്‍റെ മാനസപുത്രൻ എന്നറിയപ്പെടുന്ന തിരുനക്കര ശിവന്‍ തന്നെയായിരുന്നു ആനയൂട്ടിന്‍റെ പ്രധാന ആകര്‍ഷണം. ഭാരത് വിനോദ്, കിരണ്‍ നാരായണന്‍കുട്ടി, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, ഓതറ പാർവ്വതി തുടങ്ങിയ ആനകൾ ആനയൂട്ടിൽ പങ്കെടുത്തു.