കോട്ടയം: സർക്കാരിന്‍റെ സൗജന്യ കിറ്റുകൾ പാർട്ടി ഓഫീസുകളിൽ സൂക്ഷിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ. റേഷൻ കടകളിൽ സ്ഥല പരിമിതിയുണ്ടെങ്കില്‍ സ്കൂളുകളിലോ ഓഡിറ്റോറിയത്തിലോ സാധനങ്ങള്‍ സൂക്ഷിക്കാനാണ് നിർദേശം നൽകിയത്. കിറ്റുകള്‍ പാർട്ടി ഓഫീസിലെത്തിയ സാഹചര്യം അന്വേഷിക്കും. നടപടി അംഗീകരിക്കാനാകില്ലെന്നും മന്ത്രി കോട്ടയത്ത് വ്യക്തമാക്കി.
ഇന്നലെയാണ് കിറ്റുകൾ വൈക്കം ടി.വി പുരത്തെ സി.പി.ഐ ഓഫീസിൽ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ റേഷൻ കടയിലെ സ്ഥലപരിമിതി മൂലമാണ് കടയോടു ചേർന്നുള്ള പാര്‍ട്ടി ഓഫീസിൽ കിറ്റുകൾ എടുത്ത് വച്ചതെന്ന വിശദീകരണവുമായി റേഷൻ കടയുടമ രംഗത്തെത്തിയിരുന്നു. കടയുടമയുടെ അഭ്യർഥന പ്രകാരമാണ് പാർട്ടി ഓഫീസ് തുറന്ന് നൽകിയതെന്ന് സ്ഥലം എം.എൽ.എയും വ്യക്തമാക്കിയിരുന്നു.