കോട്ടയം: ഏഴു മാസം മുമ്പ് മരണപ്പെട്ട പിതാവിന്‍റെ സ്‌മരണയ്ക്കായി മൂന്ന് സെന്‍റ് സ്ഥലം അങ്കണവാടി നിർമിക്കാൻ നഗരസഭയ്ക്ക് വിട്ട് നൽകി മകൾ. വൈക്കം നഗരസഭ 25-ാം വാർഡിൽ ഉന്‍റാശ്ശേരിയിൽ ശാരിമോളാണ് ഏഴു മാസം മുമ്പ് മരണപ്പെട്ട പിതാവ് കാർത്തികേയന്‍റെ ഓർമയ്ക്കായി അങ്കണവാടിക്ക് സ്ഥലം വിട്ടു നൽകിയത്.
രണ്ടു മാസങ്ങൾക്ക് മുമ്പ് ഈ വാർഡിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി കെട്ടിടത്തിന്‍റെ ഭിത്തി തകർന്നു വീണ് നാലു വയസുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. അങ്കണവാടിക്കായി താൽകാലിക കെട്ടിടം തേടി അധികൃതർ മാസങ്ങളായി അലഞ്ഞിട്ട് കുറ്റമറ്റ വാടക കെട്ടിടം ലഭിച്ചിരുന്നില്ല.
അങ്കണവാടി കെട്ടിടം തകർന്ന് കുട്ടിക്ക് പരിക്കേറ്റ സംഭവമറിഞ്ഞ ഉടൻ സ്ഥലം ലഭ്യമാക്കിയാൽ അങ്കണവാടി നിർമിക്കാൻ ഫണ്ട് അനുവദിക്കാമെന്ന് തോമസ് ചാഴിക്കാൻ എം.പി നഗരസഭ ചെയർപേഴ്‌സണോട് വാഗ്‌ദാനം ചെയ്‌തിരുന്നു. തുടർന്ന് കൗൺസിലർ ബിജിമോൾ ശാരിമോളേയും ഭർത്താവ് കെ.എസ്. കണ്ണനേയും കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം വിട്ടു നൽകാൻ ശാരിമോൾ സന്നദ്ധയായത്. ഒരു വർഷം മുമ്പ് പിതാവ് കാർത്തികേയൻ ശാരിമോൾക്ക് വാങ്ങി നൽകിയ 18 സെന്‍റിൽ നിന്ന് മൂന്ന് സെന്‍റ് സ്ഥലത്തിന്‍റെ രേഖകൾ നഗരസഭ ചെയർ പേഴ്‌സൺ രേണുക രതീഷിന് ശാരിമോളും കുടുംബവും കൈമാറി.
സ്ഥലത്തിന്‍റെ രേഖകൾ അധികൃതർക്ക് കൈമാറി നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തി ഹൈടെക് അങ്കണവാടി ആറ് മാസത്തിനകം നിർമ്മിക്കാനാണ് നഗരസഭ അധികൃതരുടെ തീരുമാനം. വാർഡിൽ തന്നെ അങ്കണവാടിക്ക് സ്വന്തമായി സ്ഥലം ലഭ്യമായതോടെ കുരുന്നുകൾക്ക് സുരക്ഷിതമായ ഒരിടത്ത് പഠനം സാധ്യമാകും എന്ന ആശ്വാസത്തിലാണ് നാട്ടുകാർ.