കോട്ടയം: കേരള കോൺഗ്രസിലെ ജോസഫ് - ജോസ് കെ മാണി തർക്കത്തിൽ യുഡിഎഫുമായി ഇടഞ്ഞ ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിർത്താനൊരുങ്ങി സിപിഎം. ജില്ലാ പഞ്ചായത്തിൽ അവിശ്വാസമെത്തിയാൽ ജോസ്.കെ.മാണി പക്ഷത്തെ അനുകൂലിക്കാനുള്ള നീക്കത്തിലാണ് സി.പി.എം. കേരളാ കോൺഗ്രസിനെ തകർക്കാൻ കോൺഗ്രസ് നിരന്തര ശ്രമം നടത്തുന്നതായാണ് സി.പി.എം വിലയിരുത്തുന്നത്. 2016 ൽ സമാന സാഹചര്യത്തിൽ സി.പി.എം പിന്തുണയോടെ കെ.എം മാണി ജില്ലാ പഞ്ചായത്തിൽ അധികാരം പിടിച്ചിരുന്നു.
അവിശ്വാസത്തിൽ സി.പി.എം പിന്തുണയുണ്ടായാൽ ജോസ് പക്ഷത്തിന്‍റെ ഇടതു പ്രവേശനത്തിന്‍റെ ആദ്യപടിയാവും കോട്ടയം ജില്ലാ പഞ്ചായത്തിൽ അരങ്ങേറുക. എന്നാൽ എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇരു വിഭാഗങ്ങളും യു.ഡി.എഫിൽ തന്നെ തുടരണമെന്ന അഭ്യർഥനയാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ നടത്തുന്നത്. യു.ഡി.എഫ് നിർദേശങ്ങൾ പൂര്‍ണമായും തള്ളുന്ന ജോസ് കെ മാണിയുടെ ലക്ഷ്യവും ഇടതു പ്രവേശനം തന്നെയാണെന്നാണ് സൂചന. പക്ഷേ അവിശ്വാസം കൊണ്ടുവന്നാല്‍ സി.പി.ഐയുടെയും ജനപക്ഷ മുന്നണിയുടെയും തീരുമാനങ്ങളും നിർണായകമാകും.