കോട്ടയം: പാലാ ജനറല്‍ ആശുപത്രിക്കായി എം.പി.ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ജില്ലാ കലക്‌ടര്‍ ഭരണാനുമതി നല്‍കിയതായി ജോസ്.കെ.മാണി എം.പി. ഐ.സി.യൂണിറ്റ്, ജംമ്പോ ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുകള്‍, പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണം, മാസ്‌കുകള്‍, ഗ്ലൗസുകള്‍, സാനിറ്റൈസര്‍ എന്നിവക്കായാണ് തുക അനുവദിച്ചത്.
ആധുനിക സംവിധാനങ്ങളോടുകൂടിയ ആറ് കിടക്കകളും പോര്‍ട്ടബിള്‍ വെന്‍റിലേറ്ററുമുള്ള ഐ.സി.യൂണിറ്റാകും പാലാ ആശുപത്രിക്കായി ലഭ്യമാവുക. മള്‍ട്ടി പരാമോണിറ്റര്‍, ക്രാഷ് കാര്‍ട്ട്, ഡെഫിബ്രിലേറ്റര്‍, സക്ഷന്‍ അപ്പാരറ്റസ്, ഇന്‍ഫ്യൂഷന്‍ പമ്പ്, സിറിഞ്ച് പമ്പ് എന്നിവ ഉള്‍പ്പെടെയാണിവ. ഓക്‌സിജന്‍ ഗ്യാസ് പൈപ്പ് ലൈനും സ്ഥാപിക്കും.
പാലാ ജനറല്‍ ആശുപത്രിയില്‍ നിലവില്‍ പ്രത്യേക ഐ.സി.യൂണിറ്റ് ഇല്ലാത്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ ആവശ്യം പരിഗണിച്ച് തുക ലഭ്യമാക്കിയിരിക്കുന്നതെന്ന് ജോസ്.കെ.മാണി പറഞ്ഞു. ഈ തുക വിനിയോഗിച്ച് ആരോഗ്യ വകുപ്പ് നേരിട്ടാവും പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം അറിയിച്ചു. തുടര്‍ നടപടികള്‍ക്ക് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ഇതോടൊപ്പം പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ (പി.പി.ഇ) ഉപകരണം വാങ്ങുവാനായി എം.പി ഫണ്ടില്‍ നിന്നും പാലാ ജനറല്‍ ആശുപത്രിക്കായി അനുവദിച്ച അഞ്ച് ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കും കലക്ടര്‍ ഭരണാനുമതി നല്‍കിയതായി തോമസ് ചാഴികാടന്‍ എം.പിയും അറിയിച്ചു. 990 പി.പി.ഇ കിറ്റുകളാകും ആരോഗ്യ വകുപ്പ് നേരിട്ട് വാങ്ങുക.