കോട്ടയം: കോട്ടയം ജില്ലയിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്ന സാഹചര്യത്തിൽ ജില്ലാ അതിർത്തികളിൽ മുഴുവൻ സമയ ജാഗ്രതാ സംവിധാനമേർപ്പെടുത്തി. കോട്ടയം ജില്ലാ അതിർത്തികളിലെ പ്രധാന പതിനാല് കേന്ദ്രങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാനാണ് തീരുമാനമായത്. ജില്ലക്ക് അകത്തേക്കും, പുറത്തേക്കുമുള്ള അനാവശ്യ യാത്രകൾ തടയുന്നതിനായി പ്രത്യേക നിരീക്ഷണമാണ് അതിർത്തികളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കാനന പാതകളിലൂടെയുള്ള അതിർത്തി കടക്കൽ നിരീക്ഷിക്കാനും കർശന നിർദേശമുണ്ട്. ചങ്ങനാശേരി താലൂക്കിൽ എം.സി റോഡിലെ ഇടിഞ്ഞില്ലം പായിപ്പാട് നെടുങ്ങാടി എന്നിവിടങ്ങളിലും. വൈക്കം താലൂക്കിൽ പൂത്തോട്ട, നീർപ്പാറ, അംബിക മാർക്കറ്റ് എന്നിവിടങ്ങളിലുമാണ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുക. കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം, പ്ലാച്ചേരി, ശബരിമലപാതയിലെ കണമല പാലം എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.
മീനച്ചിൽ താലൂക്കിൽ നെല്ലാപ്പാറ, മുട്ടം കാഞ്ഞിരം കവല, പുതുവേലി പാലം ജംഗ്ഷൻ, വാഗമൺ- വഴിക്കടവ് എന്നിവിടങ്ങളിലും ചെക്ക് പോസ്റ്റുകൾ ഉണ്ടാകും. കർശന പരിശോധനകൾക്ക് ശേഷമാവും ജില്ലാ അതിർത്തിയിൽ നിന്നും അകത്തേക്കും പുറത്തേക്കും ആളുകളെ കടത്തിവിടുക. കാനന - ഉൾനാടൻ പാതകളിൽ ഡ്രോൺ പറത്തിയുള്ള പരിശോധനകളും നടത്തും. പൊലീസ്, റവന്യു, ആരോഗ്യ വകുപ്പുകളുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് ജില്ലാ അതിർത്തികളുടെ സംരക്ഷണം.