മലപ്പുറം: കാറിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ അന്തർജില്ല കവർച്ച സംഘത്തലവൻ പിടിയിലായി. എറണാകുളം മൂക്കന്നൂർ സ്വദേശി വലിയോലിപറമ്പ് വീട്ടിൽ മൊട്ട സതീഷ് എന്ന സതീഷ് (31) ആണ് പിടിയിലായത്.
കഴിഞ്ഞമാസം 29ന് രാവിലെ കുഴൽപ്പണ വിതരണത്തിനായി പോവുകയായിരുന്ന പൊൻമള സ്വദേശികളുടെ പണമാണ് സതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം കവർച്ച ചെയ്തത്. രണ്ട് കാറുകളിലായി പൊലീസ് ഉദ്യോഗസ്ഥർ ആണ് എന്ന് പറഞ്ഞ് എത്തിയ ഇവർ കാറിൽ ഉണ്ടായിരുന്നവരെ പിടിച്ചിറക്കി തട്ടികൊണ്ടു പോയി പണം കവർച്ച ചെയ്യുകയായിരുന്നു.
തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ച നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ സംഘത്തെ തിരിച്ചറിഞ്ഞത്. പിടിയിലായ മൊട്ട സതീഷിന് കൊലപാതകം, കവർച്ചയടക്കം തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിലായി 10 ഓളം കേസുകൾ ഉണ്ട്.
ALSO READ: ആശുപത്രികളില്‍ നിന്ന് മൊബൈൽ ഫോൺ മോഷണം; പ്രതി പിടിയിൽ
കഴിഞ്ഞ ജനുവരിയിൽ തൃശൂർ ഒല്ലൂരിൽ വച്ച് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം 1 കോടിയോളം രൂപയുടെ കുഴൽപ്പണം കവർച്ച നടത്തിയിരുന്നു. ഇതിൽ പിടിക്കപ്പെട്ട് 3 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.
സംസ്ഥാനത്തെ ഈ അടുത്ത കാലത്തായി നടന്ന ഹൈവേ കവർച്ചകൾ ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന് പങ്കുള്ളതായി സൂചനയുണ്ട്. കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.