കോട്ടയം: പാലാ രൂപത അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് കൊവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കി. ആധുനിക സൗകര്യങ്ങളോടെയുള്ള 250 കിടക്കകളാണ് ഇവിടെയുള്ളത്. പാലാ രൂപതയില്‍ സിബിസിഐ മീറ്റിങ്ങ് നടന്നപ്പോഴാണ് ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിച്ചത്. നാടിന്‍റെ പൊതു ആവശ്യമെന്ന നിലയിലാണിപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാസ്റ്ററല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് വിട്ടുനല്‍കിയതെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ആളുകള്‍ ബന്ധപ്പെട്ടിരുന്നു. മധ്യ തിരുവിതാംകൂറിലെ തന്നെ ഏറ്റവുമധികം സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലൊന്നാണ് അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്. കോളജ് ഹോസ്റ്റലുകള്‍ നേരത്തെ തന്നെ ക്വാറന്‍റൈൻ കേന്ദ്രങ്ങള്‍ക്കായി വിട്ട് നല്‍കിയിക്കുന്നു. ഫസ്‌റ്റ്ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ക്കായി പാരീഷ് ഹാളുകള്‍ പലയിടങ്ങളിലും നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഹാളുകള്‍ നല്‍കുമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ താമസിച്ചിരുന്ന 12 വൈദികരെ അരമന, അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം എന്നിവിടങ്ങളിലേക്ക് മാറ്റി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാധിക്കുന്ന എല്ലാ കാര്യങ്ങളും രൂപത ചെയ്യുമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.