തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് വരച്ച ചിത്രം വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ചലച്ചിത്ര താരം കോട്ടയം നസീർ. ഒരു ലക്ഷം രൂപയാണ് നസീർ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി കൈമാറിയത്.
ലോക്ക് ഡൗൺ കാലത്ത് കോട്ടയം നസീർ 42ല്‍ അധികം ചിത്രങ്ങളാണ് വരച്ചത്. എല്ലാം ഒന്നിനൊന്ന് മികച്ചവ. ഇതില്‍ ഉള്‍പ്പെട്ട ക്രിസ്തുവിന്‍റെ ചിത്രം ഒരു ലക്ഷം രൂപക്ക് ആലപ്പുഴ ബീച്ച് ക്ലബ് ഭാരവാഹികൾ വാങ്ങുകയായിരുന്നു. ഇങ്ങനെ ലഭിച്ച തുകയാണ് നസീർ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ചിത്രകാരൻ എന്ന നിലയിൽ നേരത്തെ കഴിവുതെളിയിച്ചയാളാണ് കോട്ടയം നസീർ. എന്നാൽ സിനിമ തിരക്കുകൾക്കിടയിൽ ആ കഴിവുകള്‍ക്ക് അവധി കൊടുത്ത നടന്‍ ലോക്ക് ഡൗണ്‍ കാലത്താണ് ചിത്രരചന വീണ്ടും പൊടിതട്ടിയെടുത്തത്.