എറണാകുളം: കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. വടക്കുംഭാഗം ആലുങ്കൽ ജോൺ ജോസഫിന്‍റെ ഒന്നര മാസം മാത്രം പ്രായമായ കന്നുകുട്ടിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കാട്ടാന വരുന്നത് കണ്ട തള്ളപശു കയറ് പൊട്ടിച്ചു ഓടിയത് കൊണ്ട് മാത്രമാണ് കറവയുള്ള പശു രക്ഷപെട്ടത്. കിടാവിനെ തുമ്പികൈകൊണ്ട് ചുഴറ്റിയെടുത്തു എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് വനം വകുപ്പ് താൽകാലിക വാച്ചർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി ജോലി ചെയ്യാതെ വേതനവും, മറ്റു ആനുകുല്യങ്ങളും കൈപ്പറ്റി മറ്റു ജോലികൾക്ക് പോകുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. വൈദ്യൂതി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പ്രവർത്തിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്.
കാട്ടാന സോളാർ ഫെൻസിങ് പൊട്ടിച്ച് നാട്ടിലേക്ക് ഇറങ്ങി എന്ന് വാച്ചർമാർ അറിഞ്ഞാൽ രാത്രി തന്നെ ഫെൻസിങ് കമ്പി കെട്ടി പൂർവസ്ഥിതിയിലാക്കുകയും, ഇതിലെ അല്ല ആന നാട്ടിലേക്ക് ഇറങ്ങിയതെന്നു വരുത്തി തീർക്കുകയാണ് വാച്ചർമാർ ചെയ്യുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ദിനംപ്രതി വർധിച്ചു വരുന്ന വന്യജീവികളുടെ കൃഷിയിടങ്ങളിലേയ്ക്കുള്ള കടന്നാക്രമണം അതിരുകൾ ലംഘിക്കുമ്പോഴും വനം വകുപ്പു മൗനം പാലിക്കുന്നത് വളരെ വേദനാജനകമാണെന്നും ഇവർ പറയുന്നു. സർക്കാരിൽ നിന്നും യഥാസമയം നഷ്‌ടപരിഹാരം ലഭിക്കാത്തത് കർഷകന്‍റെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കാട്ടാന ഭീഷണിയിൽ നിന്ന് തങ്ങളുടെ ജീവനും, സ്വത്തിനും മതിയായ സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.