എറണാകുളം: കേരളം ലജ്ജിച്ച് തല താഴ്ത്തിയ ലൈംഗിക പീഡനങ്ങൾക്കെതിരെ സാംസ്കാരിക പ്രവർത്തകർ പ്രതികരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്.രാധാകൃഷ്ണൻ. കൊവിഡ് രോഗിക്കെതിരായ ലൈംഗിക പീഡനത്തിനെതിരെ ബി.ജെ.പി കൊച്ചിയിൽ സംഘടിപ്പിച്ച സാംസ്‌ക്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യം കൊവിഡ് രോഗി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ടു. പിന്നീട് കൊവിഡ് മുക്തമായ സ്ത്രീയും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. രണ്ട് സംഭവങ്ങളും ഉത്തർപ്രദേശിലായിരുന്നുവെങ്കിൽ കേരളത്തിൽ വലിയ പ്രതിഷേധമുയരുമായിരുന്നു. കേരളത്തിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും മൗനം വെടിയണം. ഇടതു മുന്നണിയും പിണറായി വിജയനും കേരളം ഭരിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ സ്ത്രീകൾക്ക് നിർഭയമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുളളത്. സിപിഎം നേതാക്കൾ ഇപ്പോൾ കൊലപാതകത്തിനെതിരെ സംസാരിക്കുന്നു. അതേസമയം കണ്ണൂരിൽ ബോംബ് നിർമിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച സാംസ്ക്കാരിക കൂട്ടായ്മയിൽ ബി.ജെ.പി പ്രവർത്തകരായ സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുത്തു.