എറണാകുളം: നവ സമൂഹസൃഷ്ടിക്കായി ജീവിതത്തിൽ നിന്നും ലഹരി ഒഴിവാക്കാൻ സമൂഹം തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എക്സൈസ് വകുപ്പിന്റെ ലഹരി വർജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 90 ദിന ലഹരി വിമുക്ത ബോധവൽകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ലഹരി വിമുക്ത ബോധവത്കരണം വ്യക്തികളിലോ കുടുംബങ്ങളിലോ മാത്രം ഒതുങ്ങാതെ നടപ്പാക്കാനാകണം. അതിനായി സമൂഹമൊന്നാകെ പദ്ധതിയിൽ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വഴി നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന് അത് കരുത്തായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കേരള സമൂഹത്തിനു മുന്നിൽ വെച്ചിട്ടുള്ള ഈ യത്‌നത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യ പ്രഭാഷണത്തിൽ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭ്യർഥിച്ചു. ലഹരി മുക്ത ക്യാംപസ് എന്ന ആശയത്തിലൂന്നി പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു.
കൊച്ചി മേയർ സൗമിനി ജെയിൻ ലഹരിവിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ - കോളജ് വിദ്യാർഥികൾ, ഇതര സംസ്ഥാന തൊഴിലാളികൾ, റസിഡന്‍റ്സ് അസോസിയേഷൻ അംഗങ്ങൾ, സ്പോർട്സ് കൗൺസിൽ പ്രവർത്തകർ, തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ പി.ടി.തോമസ്, ജോൺ ഫെർണാണ്ടസ്, എക്സൈസ് കമ്മീഷണർ എസ്.ആനന്ദകൃഷ്ണൻ, തുടങ്ങിയവർ ചടങ്ങില്‍ സംസാരിച്ചു.