എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. നോട്ട് നിരോധനകാലത്ത് മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലേക്ക് അനധികൃതമായി പണമെത്തിയതും പാലാരിവട്ടം പാലം അഴിമതിയും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹർജി പരിഗണിക്കവേയാണ് വിജിലന്‍സ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഈ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനേയും ഹൈക്കോടതി കക്ഷി ചേർത്തിരുന്നു.
അതേസമയം കള്ളപ്പണ ആരോപണത്തിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് എൻഫോഴ്‌സ്മെന്‍റ് വിജിലൻസിന് കത്തയച്ചു. കൂടുതൽ ചോദ്യം ചെയ്‌ത ശേഷം തീരുമാനമെന്ന് വിജിലൻസ് മറുപടി നൽകി. കള്ളപ്പണ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മാർച്ച് രണ്ടിന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.