എറണാകുളം: കെ.എസ്.ആർ.ടി.സി. സ്റ്റാന്‍ഡുകളിൽ മദ്യവിൽപനശാലകൾ തുടങ്ങാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ തീരുമാനം മണ്ടത്തരമാണെന്ന് അദേഹം പറഞ്ഞു. എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.
അമ്മമാരും പെൺമക്കളും സഹോദരിമാരും യാത്ര ചെയ്യാനെത്തുന്ന സ്റ്റാന്‍ഡിലാണോ മദ്യവിൽപനശാല തുടങ്ങുക. ഇതെന്ത് തീരുമാനമാണ്. മദ്യപിച്ച് കിടക്കുന്നവരെ കൊണ്ടുപോകാനുള ആംബുലൻസാക്കി ട്രാൻസ്പോർട്ട് ബസുകളെ മാറ്റിയാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു. ആരാണ് ഇവർക്കിത് ഉപദേശിച്ച് കൊടുക്കുന്നത്. ഇത് എന്ത് സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
'പൊലീസ് ചെയ്യുന്ന വൃത്തികേടിനെ മുഖ്യമന്ത്രി പിന്തുണക്കുന്നു'
കുഞ്ഞുങ്ങളെ പേടിപ്പിക്കുകയും സ്‌ത്രീകളെ അധിക്ഷേപിക്കുകയും ആളുകളെ പിടിച്ച് പറിക്കുകയും ചെയ്യുന്നവരായി കേരളത്തിലെ പൊലീസ് മാറി. പൊലീസ് ചെയ്യുന്ന വൃത്തികേടിനെയെല്ലാം മുഖ്യമന്ത്രി പിന്തുണയ്‌ക്കുകയാണ്. പൊലീസ് നടപടികൾക്കെതിരെ ശക്തമായ സമരം തുടങ്ങുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
'കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കും'
എല്ലാവരെയും ചേർത്ത് പിടിച്ച് കോൺഗ്രസ് മുന്നോട്ട് പോകും. മുതിർന്ന നേതാക്കളെ വീട്ടിൽ സന്ദർശിച്ച് ചർച്ച നടത്തും. തുടർച്ചയായ ചർച്ചകളാണ് ഉദ്ദേശിക്കുന്നത്. മുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നവർ കോൺഗ്രസിൽ ഉണ്ടാവില്ല. കോൺഗ്രസ് ഒരു ആൾക്കൂട്ടമല്ലെന്ന് തെളിയിക്കും. അതേസമയം അത് അച്ചടക്കത്തിന്‍റെ വാളെടുത്ത് കൊണ്ടാവില്ലെന്നും വിഡി സതീശൻ പറഞ്ഞു.
കോൺഗ്രസിന്‍റെ തുടർച്ചയായ തോൽവി പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മവിശ്വാസത്തെ ബാധിച്ചു. സംഘടനാപരമായ ദൗർബല്യമാണ് പരാജയത്തിന് കാരണം. കേരളത്തിലെ ഒന്നാമത്തെ പ്രസ്ഥാനമായി കോൺഗ്രസിനെ മാറ്റാൻ കഴിയും. അതിന് അനുസരിച്ചുള്ള വ്യക്തമായ പ്ലാൻ ഉണ്ടെന്നും മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്നും ജനങ്ങളുടെ വിശ്വാസമാർജിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
കൊവിഡ് സാഹചര്യത്തിൽ ജനങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുകയാണ്. സർക്കാർ ആശ്വാസകരമായ നടപടികൾ സ്വീകരിക്കുന്നില്ല. മരണനിരക്ക് കുറച്ച് പറയുന്നത് വെളിച്ചത്ത് കൊണ്ടുവന്നത് പ്രതിപക്ഷമാണ്. അശാസ്‌ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടി വന്നു. കൊവിഡ് നിയന്ത്രണം പാളിയിരിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു.
READ MORE: കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മദ്യവും; കൗണ്ടര്‍ തുറക്കാന്‍ ബെവ്‌കോ