കൊച്ചി: സ്പ്രിംഗ്ലർ വിവാദത്തില്‍ ഐ.ടി സെക്രട്ടറി ഉത്തരവാദിത്തം ഏറ്റെടുത്തത് മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ എംപി. ഐ.ടി സെക്രട്ടറിയുടെ കുറ്റസമ്മതം ഗൗരവമാണ്. പൗരന്‍റെ സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സർക്കാർ നടത്തിയത് - ബെന്നി ബെഹന്നാന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താൻ സിപിഎം പോളിറ്റ്ബ്യുറോ തയ്യാറാകണം. സ്പ്രിംഗ്ലർ കരാർ നിയമവിരുദ്ധമാണ്. കരാറിനെതിരെ നിയമപരമായി നീങ്ങുന്ന കാര്യം പരിഗണനയിലാണ്. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രസർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തും. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളോട് മുഖ്യമന്ത്രി അസ്വസ്‌ഥനാകുകയും ഒഴിഞ്ഞുമാറുകയുമാണ് ചെയ്യുന്നത്. കരാറിലെ വ്യവസ്ഥകളെല്ലാം സ്പ്രിംഗ്ലർ കമ്പനിക്ക് അനുകൂലമാണ്. ഡാറ്റ ഉപയോഗിക്കാനുള്ള അവകാശം കമ്പനിക്ക് എല്ലാ കാലത്തേക്കും ഐ.ടി വകുപ്പ് നൽകിയിട്ടുണ്ട്. കരാർ തർക്കങ്ങളിലേക്ക് നീങ്ങിയാൽ വ്യവഹാരം നടത്താനുള്ള സമ്പൂർണ അധികാരം ന്യൂയോർക്ക് കോടതിക്കാണ്. ഭാവിയിൽ തർക്കങ്ങളുണ്ടായാൽ സുപ്രീംകോടതിക്ക് പോലും ഇടപെടാനാകില്ല. ആധാറുമായി ബന്ധപെട്ട് സർക്കാറിന് വ്യക്തിപരമായ വിരങ്ങൾ നൽകുന്നതിനെ എതിർത്തവരാണ് പൗരൻമാരുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വസം നഷ്ടപ്പെട്ടതിന് ഉത്തരവാദി അദ്ദേഹത്തിന്‍റെ പാർട്ടി നേതാക്കൾ തന്നെയാണ്. കെ. എം. ഷാജി എം എൽ എ ചൂണ്ടിക്കാട്ടിയ വസ്‌തുതകൾ പൊതു സമൂഹത്തിനു അറിയാം. ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി ഇത്ര അസ്വസ്‌ഥനാകേണ്ട കാര്യം എന്തെന്ന് മനസിലാകുന്നില്ല. ദുരിതാശ്വാസ നിധിയിൽ അഴിമതി നടന്നിട്ടില്ല എന്ന് തെളിയിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.