എറണാകുളം : തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്നത് തടഞ്ഞ കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. മൂന്നാം തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. മുസ്ലിം വ്യക്തി നിയമപ്രകാരം നടപടികൾ പാലിച്ചുള്ള തലാഖ് തടയാനാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
മുസ്ലിം വ്യക്തി നിയമപ്രകാരം ഒന്നിലധികം വിവാഹം അനുവദനീയമാണ്. വ്യക്തിയുടെ ഇത്തരം മതപരമായ വിശ്വാസത്തിന്മേൽ തീരുമാനമെടുക്കാൻ കോടതിയ്ക്ക് അധികാരമില്ലെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്ത്താഖ്, സോഫി തോമസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ച് പറഞ്ഞു. മൈനാഗപ്പള്ളി സ്വദേശിനിയുടെ ഹർജിയിൽ ആയിരുന്നു മൂന്നാം തലാഖും യുവാവിന്‍റെ രണ്ടാം വിവാഹവും കൊല്ലം കുടുംബ കോടതി തടഞ്ഞത്.
മത വിശ്വാസത്തിന്മേൽ കോടതി ഇടപെടുന്നത് ഭരണഘടന നൽകുന്ന മതപരമായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഉത്തരവിലുണ്ട്.