എറണാകുളം : ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കൊവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കേയാണ് യുവാവ് മരിച്ചത്. മലേഷ്യയില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ലാബിലയച്ച ഇദ്ദേഹത്തിന്‍റെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. പൂനെ വൈറോളജി ലാബിലയച്ച രണ്ടാം പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 206 പേര്‍ കൊവിഡ് 19 നിരീക്ഷണത്തിലാണ്. ഇവരില്‍ 193 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒമ്പത് വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. സംശയാസ്‌പദമായവരുടെ 488 സാമ്പിളുകള്‍ എന്‍വിയില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 471 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോങ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളില്‍ വരുന്ന യാത്രക്കാരെക്കൂടി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.