എറണാകുളം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച പണം ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് സർക്കാർ. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ച വേളയിലാണ് സർക്കാർ ഈ കാര്യം അറിയിച്ചത്. തട്ടിപ്പ് നടത്തിയവരുടെ ഓസ്ട്രേലിയയിലുള്ള ബന്ധുവിന്‍റെ സഹായത്തോടെയാണ് പണം കടത്തിയത്. പോപ്പുലറിന്‍റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണ്. 389 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുളള സംസ്ഥാന സർക്കാരിന്‍റെ കത്ത് കിട്ടിയെന്ന് സിബിഐ അറിയിച്ചു. കേന്ദ്ര സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. രണ്ടാഴ്ചകൂടി സമയം വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. ചില എസ്‌എച്ച്‌ഒമാർ കേസ് രജിസ്റ്റർ ചെയ്യാൻ വിസമതിക്കുന്നു എന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. പരാതിക്കാരോട് പൊലീസ് അപമര്യാദയായി പെരുമാറുന്നുവെന്നും ഹർജിക്കാർ ആരോപിച്ചു. കോടതി ഉത്തരവ് നടപ്പാക്കാത്ത പൊലീസുകാർക്ക് എതിരെ നടപടി ഉണ്ടാവുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. അതേസമയം കേസ് ഇരുപത്തിരണ്ടാം തീയതി വീണ്ടും പരിഗണിക്കും.