എറണാകുളം: പഴയ ആലുവ - മൂന്നാർ രാജപാതയുടെ ഭാഗമായ തട്ടേക്കാട് - കുട്ടമ്പുഴ റോഡിന്‍റെ വീതി കൂട്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചെങ്കിലും ചിലയിടങ്ങളിൽ റോഡിന് ആവശ്യത്തിന് വീതിയില്ലെന്ന് പരാതി. 23 കോടി രൂപ ചിലവിട്ട് 22 മീറ്റർ വീതിയിലാണ് കുട്ടമ്പുഴ-തട്ടേക്കാട് റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും തട്ടേക്കാട് വർക്ക്ഷോപ്പുംപടി ഭാഗത്ത് ഒമ്പത് മീറ്റർ വീതി മാത്രമാണുള്ളത്. കൊടുംവളവായ ഇവിടെ റോഡിന് വീതിയില്ലാത്തത് അപകടങ്ങൾക്ക് കാരണമാകും. 15 മീറ്ററെങ്കിലും റോഡിന് വീതി എല്ലായിടത്തും ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടറോട് പ്രദേശവാസികൾ ആവശ്യമുന്നയിച്ചിരുന്നു.
എന്നാൽ നടപടികൾ ഉണ്ടായില്ല. വ്യക്തികൾ കൈവശം വച്ചിരിക്കുന്ന സ്ഥലത്താണ് റോഡിന്‍റെ അതിർത്തിക്കല്ലുകൾ ഉള്ളത്. പുറമ്പോക്ക് ഒഴിപ്പിച്ച് 15 മീറ്ററെങ്കിലും വീതിയിൽ റോഡ് നിർമിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. റോഡിന് വീതി കുറഞ്ഞാൽ അപകടങ്ങൾക്ക് കാരണമാകും എന്നത് മാത്രമല്ല, വെള്ളം, വൈദ്യുതി എന്നിവയുടെ ലൈൻ വലിക്കുന്നതിനും ഓട നിർമാണത്തിനും തടസം നേരിടും. പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ ഈ റോഡ് ആവശ്യത്തിന് വീതി കൂട്ടി നിർമിച്ചിച്ചെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ കെ.എ സിബി പറഞ്ഞു.