എറണാകുളം : എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നല്‍കി. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവ് അനുചിതമാണെന്നും പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
പരാതി നൽകാൻ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മർദം കാരണമാണ്. സത്യം പുറത്തുകൊണ്ടുവരാൻ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടെന്നും സർക്കാർ അപ്പീലിൽ പറയുന്നു. ഹർജി ഹൈക്കോടതി അടുത്തയാഴ്‌ച പരിഗണിക്കും.
കോഴിക്കോട് സെഷൻസ് കോടതി ജഡ്‌ജി എസ് കൃഷ്‌ണകുമാറാണ് ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് വിചിത്ര വാദങ്ങൾ ഉന്നയിച്ച് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ പീഡന പരാതിയിലാണ് വിചിത്രമായ വിധിയിലൂടെ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം നൽകിയത്.
ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ്‌സി- എസ്‌ടി ആക്‌ട് നിലനിൽക്കില്ലെന്ന് പറഞ്ഞാണ് കോടതി ജാമ്യം നൽകിയത്. സിവിക് ചന്ദ്രൻ യുവതിക്കയച്ച വാട്‌സ്അപ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ച് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
അധ്യാപികയും എഴുത്തുകാരിയുമായ മറ്റൊരു യുവതിയുടെ പരാതിയിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണെന്നും അതിനാല്‍ പ്രഥമദൃഷ്ട്യാ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ പറഞ്ഞിരുന്നത്.