എറണാകുളം: സ്പ്രിംഗ്ലർ കരാറിൽ ഹൈക്കോടതി ഇടപെടൽ. വ്യക്തിവിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ടോയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. സ്പ്രിംഗ്ലർ കരാറിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നാളെ വൈകുന്നേരത്തിനുള്ളിൽ സമർപ്പിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി. ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ സ്പ്രിംഗ്ലറിന് ഡാറ്റ കൈമാറുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവ് വേണം എന്നായിരുന്നു ഹർജിക്കാർ ആവശ്യപ്പെട്ടത്.
എന്നാൽ ഇപ്പോൾ സെൻസിറ്റീവ് ഡാറ്റകൾ ഒന്നും സ്പ്രിംഗ്ലറിന് നൽകുന്നില്ലെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ സർക്കാറിന്‍റെ ഈ വിശദീകരണത്തിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. വ്യക്തിയുടെ ആരോഗ്യസംബന്ധമായ വിവരങ്ങൾ സെൻസിറ്റീവ് ഡാറ്റയായി കാണണമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. വ്യക്തികളുടെ ചികിത്സ വിവരങ്ങള്‍ അതിപ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡാറ്റാ ചോർച്ചയില്ലെന്ന് സർക്കാറിന് ഉറപ്പുണ്ടോ, സർക്കാറിന് സ്വന്തമായി ഐ. ടി. വകുപ്പ് ഉൾപ്പടെയുള സംവിധാനങ്ങളില്ലേ, രണ്ട് ലക്ഷം പേരുടെ ഡാറ്റാ കൈകാര്യം ചെയ്യാൻ കഴിയില്ലേയെന്ന ചോദ്യങ്ങളും കോടതി ചോദിച്ചു. വ്യവഹാരങ്ങൾ ന്യൂയോർക്കിലെ കോടതിയിൽ മാത്രമെന്ന വ്യവസ്ഥ അംഗീക്കരിച്ചത് എന്തിനാണ്. തർക്കങ്ങളുണ്ടായാൽ സാധാരണക്കാരനായ ഒരാൾക്ക് എങ്ങനെ കോടതിയെ സമീപിക്കാനാവും. കരാർ സംബന്ധിച്ച വിവരങ്ങൾ നിയമ വകുപ്പ് അറിഞ്ഞില്ലെന്ന ഐ.ടി. സെക്രട്ടറിയുടെ പ്രസ്താവനയിലും കോടതി വിശദീകരണം ആവശ്യപ്പെട്ടു.
എല്ലാ കാര്യങ്ങൾക്കും കൃത്യമായ വിശദീകരണം ആവശ്യമാണെന്നും കോടതി നിർദേശിച്ചു. വ്യക്തി സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയിട്ടില്ല. സേവനമായാണ് സ്‌പ്രിംഗ്ലർ സർക്കാരുമായി സഹകരിക്കുന്നത്. വിശദമായ സത്യവാങ്മൂലം നാളെ നൽകാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ മറുപടിയിലും കോടതി അതൃപ്തി അറിയിച്ചു. കരാർ സംബന്ധിച്ച് അറിയില്ലെന്നും ഇതിനെ ഗൗരവമായി കാണുന്നുവെന്നും, സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അതേ സമയം കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.