എറണാകുളം: സമൂഹ മാധ്യമത്തിലൂടെ യുവതിക്കെതിരെ അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം. ജസ്റ്റിസ് മേരി ജോസഫാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും, രണ്ടാൾ ജാമ്യവും, തത്തുല്യ ബോണ്ടടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം.
പരാതിക്കാരിക്കെതിരായി സമൂഹ മാധ്യമം വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്നും കോടതി ഉത്തരവിട്ടു. എറണാകുളം സെഷൻസ് കോടതി ജാമ്യഹർജി തള്ളിയതോടെയാണ് സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മോശം പരാമർശം നടത്തുന്നത് കുറ്റകരമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി മുൻപ് സൂരജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സൂരജ് പാലാക്കാരന്‍റെ ജാമ്യം ഹൈക്കോടതി നിഷേധിച്ചത്: സമൂഹ മാധ്യമങ്ങളും പൊതു ഇടമാണ്, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റേതായിരുന്നു ഉത്തരവ്.
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ തന്നെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബ് ചാനൽ വഴി വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അടിമാലി സ്വദേശിനി നൽകിയ പരാതിയിലായിരുന്നു കേസ്. സ്‌ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന വകുപ്പുകൾ പ്രകാരം എറണാകുളം സൗത്ത് പൊലീസായിരുന്നു കേസെടുത്തത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് സൂരജ് പാലാക്കാരൻ യുവതിയെ അധിക്ഷേപിച്ചത്.
ക്രൈം നന്ദകുമാറിനെതിരെ നൽകിയ പരാതി: ക്രൈം നന്ദകുമാറിനെതിരെ സഹപ്രവർത്തകയായ യുവതി ഗുരുതരമായ ആരോപണങ്ങളുന്നയിച്ചായിരുന്നു പരാതി നൽകിയത്. അശ്ലീല വീഡിയോ ചിത്രീകരിക്കാൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി. സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി തുടങ്ങിയ പരാതികളിലായിരുന്നു ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്.
Also read: ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശം നടത്തുന്നത് കുറ്റകരം: ഹൈക്കോടതി