എറണാകുളം: ഫോർട്ട്കൊച്ചിയിൽ മാരക മയക്കുമരുന്നുകളുമായി ആറ് യുവാക്കൾ പിടിയിൽ. കൊച്ചി സ്വദേശികളായ എറിക് ഫ്രെഡ്ഡി (22), റിഷാദ് (22), സിജാസ് (28), മാത്യു മാനുവൽ (21), ബെണസണ്‍ (21), വിഷ്‌ണു (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ യുവാക്കളിൽ നിന്ന് 16 എൽഎസ്‌ഡി സ്റ്റാമ്പുകൾ, 2.23 ഗ്രാം എംഡിഎംഎ, 65 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലകളിൽ യുവാക്കൾക്കിടയിൽ വിൽപനയ്ക്കായി ആഡംബര വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തുന്നതായി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പ്രതികൾ ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് കടത്തി സംസ്ഥാനത്ത് വിൽക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതു. സംഘത്തിലുള്ള ഒരു പ്രതി ഒളിവിലാണെന്നും ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.