എറണാകുളം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ക്ക് ഉപാധികളോടെ ജാമ്യവും അനുവദിച്ചു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി.
ശിക്ഷ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് വിധി. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടു പുറത്ത് പോകരുത്, ആറ് മാസത്തേക്ക് എല്ലാ ശനിയാഴ്‌ചയും എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയാണ് ഉപാധികൾ. വസ്‌തുതകളും തെളിവുകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചതെന്ന് ഹർജിയില്‍ പ്രതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ അപ്പീലിൽ തീരുമാനം ഉണ്ടാകും വരെ ശിക്ഷ വിധി നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 2020 ഡിസംബർ 23നാണ് അഭയ കൊലക്കേസിൽ ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവിനും സെഫിക്ക് ജീവപര്യന്തം തടവിനും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്.
രണ്ടാം പ്രതി ഫാദർ ജോസ് പുതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി നിലനിൽക്കില്ലെന്നാണ് അപ്പീലിൽ പ്രതികളുടെ വാദം. കേസിന്‍റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവമായിരുന്നില്ലെന്നും പ്രതികൾ ആരോപിച്ചിരുന്നു.