എറണാകുളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പല്‍ സെക്രട്ടി എം.ശിവശങ്കറിനെ എൻ.ഐ.എ പത്തര മണിക്കൂർ സമയം ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ എൻ.ഐ.എ ഓഫിസിൽ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടര മണിയോടെയാണ് പൂർത്തിയായത്. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കര്‍ സ്വന്തം കാറിൽ തിരുവനന്തപുരത്തേക്ക് മടങ്ങി. പത്തു ദിവസത്തിന് ശേഷം വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക. നിലവിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ.ഐ.എ നോട്ടീസ് നൽകിയിട്ടില്ല. ശിവശങ്കറിനെ യു.എ.പി.എ ചുമത്തി കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ വ്യക്തമായ തെളിവുകൾ ഉണ്ടാകണമെന്നാണ് എൻഐഎയുടെ തീരുമാനം.
ആദ്യതവണ തിരുവനന്തപുരത്തു വച്ച് അഞ്ചു മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. തുടർന്നാണ് കൊച്ചി എൻ.ഐ.എ ഓഫിസിലേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്ച ഒമ്പതുമണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമാക്കി. ചൊവ്വാഴ്ച രാവിലെ ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. എൻ.ഐ.എ ബുക്ക് ചെയ്ത സ്വകാര്യ ഹോട്ടലിൽ താമസിച്ചാണ് ചൊവ്വാഴ്ച വീണ്ടും ശിവശങ്കർ ചോദ്യം ചെയ്യലിന് എത്തിയത്. ഇതിനിടെ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെ ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ പെട്ടെന്ന് അറസ്റ്റിലേക്ക് കടക്കില്ലെന്ന സൂചന എൻ.ഐ.എ ഉദ്യോഗസ്ഥർ നൽകിയിരുന്നു.
സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായി വ്യക്തി ബന്ധമുണ്ടായിരുന്നു. സൗഹൃദം സൂക്ഷിച്ചിരുന്നു. ഇതിനപ്പുറം സ്വർണക്കടത്തിനെക്കുറിച്ച് അറിവില്ലായിരുന്നു. ഏതെങ്കിലും തരത്തിൽ സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കർ ആവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു. ലഭ്യമായ വിവരങ്ങൾ, മറ്റു പ്രതികളുടെ മൊഴികൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ ശിവശങ്കറിനെ പ്രതിചേർക്കാൻ പര്യാപ്തമായിരുന്നില്ല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യ തവണ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത വേളയിൽ ലഭിച്ച വിവരങ്ങൾ, രണ്ടാമത് ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ ഉൾപ്പടെ വിശകലനം ചെയ്തായിരുന്നു മൂന്നാം വട്ടത്തെ ചോദ്യം ചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി സി രാധാകൃഷ്ണപിളളയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഓൺലൈനായി എൻ.ഐ.എയുടെ മുതിർന്ന ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിന്‍റെ ഭാഗമായി.