എറണാകുളം: സർക്കാരിനെതിരെ വിമർശനവുമായി എറണാകുളം -അങ്കമാലി അതിരൂപത മുഖപത്രം. ചർച്ച വേണ്ടാത്ത മാവോലൈൻ എന്ന തലക്കെട്ടോടെയാണ് സത്യദീപം എഡിറ്റോറിയലിൽ സിൽവർ ലൈൻ പദ്ധതിയെയും ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിനെയും വിമർശിക്കുന്നത്. പിണറായി സർക്കാരിന്‍റെ രണ്ടാം വരവിൽ നടപ്പാക്കുന്ന ഇത്തരം കാര്യങ്ങളെ ചൈനയിലെ ഭരണകൂടത്തെ ചൂണ്ടിക്കാണിച്ചാണ് സത്യദീപം ചർച്ച ചെയ്യുന്നത്.
ചൈനയിൽ ഷിജിൻ പിങ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാനുമായി രണ്ടാമൂഴത്തിൽ അതിശക്തനായി തിരിച്ചെത്തി. നേരത്തെ ഏക പാർട്ടി രാഷ്ട്രമായിരുന്ന ചൈന ഇപ്പോൾ ഏക വ്യക്തി രാഷ്ട്രമായി മാറിയിരിക്കുന്നു. ഈ മധുര മനോജ്ഞ ചൈനയെ കണ്ടുപഠിക്കാനാണ് ഈയിടെ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ മുതിർന്ന സൈദ്ധാന്തികൻ പാർട്ടി സമ്മേളനത്തിൽ ആവശ്യപ്പെട്ടത്. പാർട്ടി സെക്രട്ടറി അതാവർത്തിക്കുകയും ചെയ്‌തു.
പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്നത് പ്രശ്‌നമാക്കേണ്ടതില്ല. പറഞ്ഞത് പാർട്ടിയായതിനാൽ മനസ്സിലായില്ലെങ്കിലും കുഴപ്പമില്ലെന്ന കുഴപ്പം പിടിച്ച സിദ്ധാന്തത്തിന്‍റെ പ്രയോക്താക്കളാണ് വികസനത്തിന്‍റെ അവസാന വണ്ടിയായി കെ - റെയിലിനെ അവതരിപ്പിക്കുന്നതെന്നും സത്യദീപം വിമർശിക്കുന്നു. ജനങ്ങൾക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്‍റേതായിരുന്നു.
ഇത്രയും വലിയ സാമൂഹിക - പാരിസ്ഥിതിക - സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ നിയമസഭയിൽ വിശദമായി ചർച്ച ചെയ്യാത്തതെന്താണെന്ന് പ്രതിപക്ഷ കക്ഷികളുടെ സംശയത്തെ പാർട്ടി നിശ്ചയിച്ച പൗരപ്രമുഖരെ വിളിച്ചു ചേർത്താണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
'കെ റെയിൽ മാത്രമാണ് കേരളത്തിന്‍റെ വികസന മുരടിപ്പിന് ഏക പരിഹാരം'
പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയിൽ മാത്രമാണ് കേരളത്തിന്‍റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടിൽ മുഖ്യമന്ത്രിയും പാർട്ടിയും ആവർത്തിക്കുന്നത് മനസ്സിലാകുന്നില്ല എന്ന് ബഹുഭൂരിപക്ഷം പറയുമ്പോൾ മനസ്സിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന ' മാവോ ' ലൈനിലാണ് സർക്കാർ സ്വീകരിക്കുന്നത്.
ലോകായുക്ത നിയമത്തിലെ 14 -ാം വകുപ്പിന്‍റെ ഭരണ ഘടന സാധുതയെ ചോദ്യം ചെയ്‌തുകൊണ്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിന്‍റെ വഴിയിലും അനാവശ്യമായ തിടുക്കത്തിന്‍റെ ഭരണ വെപ്രാളമുണ്ട്. നേരത്തെ ഇടതു സർക്കാർ തന്നെ നിയമായി കൊണ്ടുവന്ന ലോകായുക്തയെ വെറും അന്വേഷണ കമ്മിഷനായി മാത്രം ചെറുതാക്കുന്ന പുതിയ ഭേദഗതി ഇടതുമുന്നണിയിൽപ്പോലും ചർച്ച ചെയ്യാതെയായിരുന്നു എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. നയപരമായ കാര്യങ്ങളിൽപ്പോലും സഭാ ചർച്ചകളെ ഒഴിവാക്കുന്ന പിണറായി സർക്കാരിന്, പാർലമെന്‍റിനെ വെറും നോക്കുകുത്തിയാക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിക്കാൻ എന്തവകാശം എന്ന് ചോദിക്കുന്നത് ഇടതനുകൂലികൾ തന്നെയാണെന്നും സത്യദീപം പറഞ്ഞു വെക്കുന്നു.
Also read:ഇനിയും യാത്ര തുടരാൻ ബാബു; സന്തോഷത്തോടെ ആശുപത്രി വിട്ടു