എറണാകുളം : സംസ്ഥാനത്ത് ലോട്ടറിയുടെ സെറ്റ് നമ്പര്‍ ചൂതാട്ടം വ്യാപകമാകുന്നതായി പരാതി. അവസാന നാല് അക്കങ്ങള്‍ ഒരു പോലെ വരുന്ന ലോട്ടറികള്‍ അനധികൃതമായി സംഘടിപ്പിച്ച് സെറ്റ് ആക്കി വില്‍ക്കുകയാണ് രീതി. ഇതിലൂടെ നൂറിലധികം ആളുകളിലേക്ക് പോകേണ്ട സമ്മാനത്തുക ഒരാള്‍ക്ക് മാത്രം ലഭിക്കുകയും ലോട്ടറിയുടെ വിശ്വാസ്യത നഷ്‌ടപ്പെടുകയും ചെയ്യുമെന്നാണ് ആക്ഷേപം.
വിവിധ സീരീസുകളിലായാണ് സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് ഇറക്കുന്നത്. ആറ് അക്കങ്ങളുള്ള ലോട്ടറി ടിക്കറ്റില്‍ അവസാനത്തെ നാല് അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് നാലാം സമ്മാനം മുതൽ താഴേക്കുള്ളതെല്ലാം നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് 9644 നമ്പറുകളിൽ അവസാനിക്കുന്ന നാലക്ക നമ്പറുകൾ ഉള്ള ടിക്കറ്റുകൾക്ക് അയ്യായിരം രൂപ വീതം സമ്മാനം ഉണ്ടെന്ന് കരുതുക. 100 വ്യക്തികൾക്ക് കിട്ടേണ്ട സമ്മാനം ഒരു വ്യക്തിയിലേക്ക് മാത്രമായി കേന്ദ്രീകരിച്ച് പോകുന്നു.
ഇത് ലോട്ടറികൾക്ക് സമ്മാനം ഇല്ല എന്ന പ്രചരണത്തിന് ആക്കം കൂട്ടുന്നു. ഇതു വഴി ചില്ലറ വിൽപ്പനക്കാരൻ്റെ കച്ചവടം ഗണ്യമായി കുറയുന്നു. അന്യസംസ്ഥാന ലോട്ടറി കേരളത്തിൽ നിന്ന് പോകാനുണ്ടായ കാരണം അമിതമായ സെറ്റ് വിൽപ്പന മൂലമാണെന്നാണ് ലോട്ടറി വില്‍പ്പനക്കാര്‍ പറയുന്നത്.
ജനുവരി 22ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ 5 സീരീസുകളില്‍പ്പെട്ട 60 ടിക്കറ്റുകളാണ് എറണാകുളത്ത് ഒരുമിച്ച് വില്‍പനക്കെത്തിയത്. സംസ്ഥാനത്തെ ഒരു വിഭാഗം ഏജൻ്റുമാര്‍ ടിക്കറ്റുകൾ പരസ്‌പരം കൈമാറിയും ലോട്ടറി ഉദ്യോഗസ്ഥരെ സ്വാധീനിച്ചുമാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തുന്നത്. സെറ്റ് ലോട്ടറി തടയണമെന്ന് ഉത്തരവുണ്ടെങ്കിലും ഇതിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കച്ചവടക്കാരുടെ പരാതി.