എറണാകുളം : ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ രണ്ടാം ദിവസവും പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്നലെ പത്ത് മണിക്കൂറോളം വിജയ് ബാബുവിനെ എറണാകുളം സൗത്ത് പൊലീസ് ചോദ്യം ചെയ്‌തിരുന്നു. കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ദുബായിൽ ഒളിവിൽ പോയ വിജയ് ബാബു ബുധനാഴ്‌ചയാണ് തിരിച്ചെത്തിയത്.
ഹൈക്കോടതി നിർദേശപ്രകാരം നാട്ടിലെത്തിയ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായിരുന്നു. തനിയ്ക്ക് എതിരെ വ്യാജമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നുമുള്ള വാദം പ്രതി അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ചിരുന്നു. തന്‍റെ വാദങ്ങൾ തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജയ് ബാബു പൊലീസിന് കൈമാറിയതായാണ് വിവരം.
കോടതി വിധി നിര്‍ണായകം : വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നത്തെ കോടതി നടപടികൾ വിജയ് ബാബുവിന് നിർണായകമാണ്. ഹർജിക്കാരൻ നാട്ടിൽ തിരിച്ചെത്തിയ ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ഇന്ന് ഹർജി പരിഗണിക്കുന്നത് വരെയാണ് വിജയ ബാബുവിന്‍റെ അറസ്റ്റ് കോടതി തടഞ്ഞത്. വിജയ് ബാബു നിയമത്തിന് വിധേയമാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ പൊലീസ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
Also read: 'നീതി ലഭിക്കുമെന്ന് പ്രതീക്ഷ, കോടതിയിൽ വിശ്വാസം' ; വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി
ഈ വിവരങ്ങൾ കൂടി പരിഗണിച്ചായിരിക്കും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക. കഴിഞ്ഞ ഏപ്രിൽ 22നാണ് വിജയ് ബാബുവിനെതിരെ യുവ നടി പീഡന പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് പല തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
അതേ ദിവസം തന്നെ എറണാകുളം സൗത്ത് പൊലീസ് ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി വിജയ് ബാബുവിനെതിരെ കേസ് എടുത്തു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ രജിസ്‌റ്റർ ചെയ്‌തിരുന്നു.