എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.ടി.തോമസ് എംഎൽഎ. ആരോഗ്യ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത സ്പ്രിംഗ്ലർ കമ്പനിക്ക് കൊവിഡ് സംബന്ധിച്ച ഡാറ്റ നൽകാൻ തീരുമാനിച്ചതിന്‍റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ മാനേജ്മെന്‍റ് കമ്പനിയാണിത്. തുടങ്ങിയ ശേഷം പൊതുമേഖലയിലുള്ള ഏതെങ്കിലുമൊരു കമ്പനിയുമായോ ആരോഗ്യ മേഖലയിലുള്ള കമ്പനിയുമായോ ബന്ധപെട്ട് സ്പ്രിംഗ്ലർ കമ്പനി പ്രവർത്തിച്ചിട്ടില്ല. ലാവ്‌ലിൻ കമ്പനിയുടെ കൺസൾട്ടൻസി കരാർ സപ്ലൈ കരാർ ആക്കിയത് പോലെയാണിത്. ഒരു അനുമതിയും ആരിൽ നിന്നും വാങ്ങിയിട്ടില്ല. ആരാണ് കമ്പനിയെ പരിചയപ്പെടുത്തിയതെന്ന് വ്യക്തമാക്കണം.
ന്യൂയോർക്ക് കോടതിയിൽ ഡാറ്റ മോഷണത്തിന്‍റെ പേരിൽ നിയമ നടപടി നേരിടുന്ന കമ്പനിയാണിത്. സ്പ്രിംഗ്ലർ കമ്പനിക്കെതിരെ മുൻജീവനക്കാർ രേഖപെടുത്തിയ മോശം അഭിപ്രായങ്ങളും പി.ടി.തോമസ് ചൂണ്ടികാണിച്ചു. ഏപ്രിൽ രണ്ടിനാണ് കരാർ ഒപ്പിട്ടത്. എന്നാൽ മാർച്ച് 27ന് തന്നെ വിവരങ്ങൾ കൈമാറാൻ ഉത്തരവിറങ്ങി. ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഇതെന്ന് വ്യക്തമാക്കണം. ഈ മേഖലയിൽ പരിചയമുള്ള കമ്പനികളെ സർക്കാർ ഒഴിവാക്കുകയായിരുന്നു.
വാവിട്ട വാക്കും സെർവറിൽ പോയ ഡാറ്റയും അന്യന്‍റെ സ്വത്താണ്. ഇതാർക്കും സ്വന്തമാക്കാം. രോഗികളുടെ വിവരങ്ങളാണ് ഇങ്ങനെ ചോർത്തിയത്. മരുന്ന് കമ്പനികൾക്കു ഇത് ഉപയോഗപ്പെടുത്താം. രോഗികളുടെ വിവരങ്ങൾ പോലും പിണറായി വിജയൻ വിറ്റുവെന്നും പി.ടി.തോമസ് ആരോപിച്ചു. ഇത് സംബന്ധമായി സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ രംഗത്ത് കൊണ്ട് വരണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാണ് സ്പ്രിംഗ്ലൾ കമ്പനിയുമായി ബന്ധപ്പെട്ട് പിണറായി മുന്നോട്ട് വന്നതെന്നും പി.ടി.തോമസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ കുടുംബവുമായി ഈ കമ്പനിക്ക് അടുത്തോ അകന്നോ ബന്ധമുണ്ടോയെന്നു വ്യക്തമാക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.