കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണ ചുമതലകളില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്പ് ഹൗസില്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു. ഫാദർ ജോസഫ് പാറേക്കാട്ടിലിന്‍റെ നേതൃത്വത്തിലാണ് ഉപവാസ സമരം നടക്കുന്നത്.
കർദിനാളിനെതിരായ വ്യാജരേഖ കേസിൽ വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പരസ്യ പ്രതിഷേധവുമായി വൈദികർ രംഗത്തെത്തിയത്. ഇന്ന് രാവിലെ എറണാകുളം ബിഷപ്പ് ഹൗസിലെത്തിയ വൈദികർ യോഗം ചേരുകയും തങ്ങളുടെ പ്രതിഷേധം കർദിനാളിനെ നേരിട്ടറിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ആലഞ്ചേരിയുടെ പ്രതികരണങ്ങൾ തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ബിഷപ്പ് ഹൗസ് തന്നെ വൈദികർ സമരവേദിയാക്കിയത്.
ജോർജ് ആലഞ്ചേരിയെ സിനഡിന്റെ സ്ഥിര അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് വൈദികര്‍ അറിയിച്ചു. ആലഞ്ചേരി 14 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും, സ്ഥിരം സിനഡ് അംഗങ്ങൾ നേരിട്ട് എത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. അതേസമയം വൈദികരെ പിന്തുണക്കുന്ന വിശ്വാസികളും കർദിനാളിനെ പിന്തുണക്കുന്നവരും ബിഷപ്പ് ഹൗസിന് സമീപം തമ്പടിച്ചിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസും ജാഗ്രതയിലാണ്.