എറണാകുളം: കുത്തൊഴുക്കിനെ ഇഛാശക്തി കൊണ്ട് മറികടന്നാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അസീം പെരിയാർ നീന്തിക്കടന്നത്. ജന്മനാ ഇരു കൈകൾ ഇല്ലാത്ത അസീം ബല കുറവുള്ള ഇരു കാലുകളും ശരീരവും ചലിപ്പിച്ചാണ് പെരിയാർ നീന്തി കടന്ന് ചരിത്രം സൃഷ്‌ടിച്ചത്.
പരിമിതികളെ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ചായിരുന്നു മുഹമ്മദ് അസീമിൻ്റെ പ്രകടനം. ശരീരവും സ്വാധീന ശേഷി കുറഞ്ഞ കാലുകളും ചലിപ്പിച്ച് അസീം പുഴ നീന്തിക്കടക്കുന്നത് ശ്വാസമടക്കി പിടിച്ചാണ് നാട്ടുകാർ കണ്ട് നിന്നത്. ഒരു മണിക്കൂര്‍ കൊണ്ടാണ് പെരിയാറിൻ്റെ ആഴമേറിയ ഭാഗം താണ്ടി അസീം മറുകര തൊട്ടത്.
പ്രശസ്‌ത നീന്തൽ പരിശീലകൻ സജി വളാശേരിയുടെ കീഴിലായിരുന്നു അസീമിന്‍റെ പരിശീലനം. സജിയുടെ ആലുവയിലെ വീട്ടിൽ താമസിച്ചാണ് രണ്ടാഴ്‌ച നീണ്ട പരിശീലനം പൂർത്തിയാക്കിയത്. അസീമിനെ നീന്തൽ പഠിപ്പിക്കുന്നതിന് മുന്നോടിയായി കൈകൾ ശരീരത്തോട് ചേർത്ത് കെട്ടി സജി സ്വന്തമായി പെരിയാറിൽ പരിശീലനം നടത്തിയിരുന്നു. ഒരു മാസം ഇത്തരത്തില്‍ പരിശീലനം നടത്തിയതിന് ശേഷമാണ് അസീമിനെ നീന്തൽ പഠിപ്പിച്ചത്.
അസീമിന്‍റെ പ്രകടനം കാണാൻ ആലുവ എംഎൽഎ അൻവർ സാദത്ത് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എത്തിയിരുന്നു. കോഴിക്കോട് വെളിമണ്ണ സ്വദേശിയായ മുഹമ്മദ് അസിം എട്ടാം തരം വിദ്യാർഥിയാണ്. പ്രദേശത്ത് ഹൈസ്‌കൂള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തി അസീം നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.
Also read: പക്ഷികളെ തുരത്താൻ പടക്കം പൊട്ടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം തീപിടിത്തം