എറണാകുളം: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സിബിഐ അറസ്റ്റ് ചെയ്‌ത അഞ്ചു പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. എറണാകുളം സിജെഎം കോടതിയുടേതാണ് വിധി. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.
കല്യോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി രാജേഷ്, കല്യോട്ട് സുരേന്ദ്രൻ, മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവർക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്കുള്ള പ്രതികൾക്ക് ജാമ്യം നൽകരുതെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
അഞ്ചു പേരും കൊലനടത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തു, കൊല നടത്തിയവർക്ക് സഹായം ചെയ്തെന്നുമാണ് സിബിഐ കണ്ടെത്തിയത്. കേസ് സിബിഐ ഏറ്റെടുത്ത ശേഷം പ്രതി ചേർത്ത അഞ്ച് പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്‌തത്. പ്രതികൾക്കെതിരായ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചിരുന്നു. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നേരത്തെ 14 പേരെ അറസ്റ്റ് ചെയ്‌തിരുന്നു.
ഐപിസി 302, 120 (ബി), 118 ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. 2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു.
Also read: സിബിഐ വരാതിരിക്കാന്‍ ഖജനാവില്‍ നിന്ന് പൊടിച്ചത് 88 ലക്ഷം ; ഒടുവില്‍ സിപിഎമ്മിന് പ്രഹരമായി കുറ്റപത്രം