മലപ്പുറം : പെരിന്തൽമണ്ണ നിയോജക മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച കെ.പി.എം മുസ്‌തഫ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കേണ്ട സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച അധികൃതരുടെ നടപടിക്കെതിരെയാണ് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവായി.
പോളിങ് ഓഫിസര്‍മാരുടെ ഡിക്ലറേഷന്‍ ഒപ്പില്ലാത്തതിനാല്‍ 347 ബാലറ്റുകള്‍ അസാധുവാക്കുകയായിരുന്നു. സീരിയല്‍ നമ്പർ രേഖപ്പെടുത്തിയിട്ടില്ലെന്നതായിരുന്നു പ്രധാന തര്‍ക്കം.
ALSO READ: ഇത്തവണ പോര് കനക്കും: പെരിന്തൽമണ്ണ പിടിക്കാൻ എൽഡിഎഫും നിലനിർത്താൻ യുഡിഎഫും
80 വയസ് കഴിഞ്ഞവരുടെ വീടുകളില്‍ പോയി ബാലറ്റ് നല്‍കി വോട്ട് ചെയ്യിച്ച പോളിംഗ് ഓഫിസര്‍മാരുടെ അനാസ്ഥയാണിതെന്നും ഇത് വോട്ടറുടെ അപാകതകൊണ്ടല്ല സംഭവിച്ചതെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍ റിട്ടേണിംഗ് ഓഫിസര്‍ ഇക്കാര്യം നിരസിച്ചു. 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം വിജയിച്ചത്.