എറണാകുളം : മതവിദ്വേഷപ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പി.സി ജോർജിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. ഹർജി വെള്ളിയാഴ്‌ച 1.45 ന് പരിഗണിക്കും. പി.സി ജോർജിനെ കസ്റ്റഡിയിൽ വയ്‌ക്കേണ്ടത് സംബന്ധിച്ച് വിശദീകരണം നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. കേസിൽ കീഴ്‌ക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു പി.സി ജോർജ് ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയത്.
ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് പിസി ജോർജ് നൽകിയ ഹർജിയിൽ, വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്റ്റഡിയിൽ വച്ച് എന്ത് തെളിവാണ് ശേഖരിക്കാനുള്ളതെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം സംബന്ധിച്ച് പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി. തുടർന്നാണ് കോടതി ജാമ്യഹർജി നാളെ പരിഗണിക്കാനായി മാറ്റിയത്.
കസ്റ്റഡി ആവശ്യം സംബന്ധിച്ചുള്ള വിശദമായ മറുപടി രേഖ സർക്കാർ നാളെ സമർപ്പിക്കും. ജാമ്യം റദ്ദാക്കിയത് തെറ്റായ നടപടിയാണെന്ന് പി.സി ജോർജിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും ജാമ്യ ഹർജിയിൽ പി.സി പറഞ്ഞിരുന്നു. മാത്രമല്ല വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന തെറ്റായ വിവരങ്ങൾ നൽകിയാണ് ജാമ്യം റദ്ദാക്കിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.