കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.
രണ്ടു മണിക്കൂറോളം നേരം ചോദ്യം ചെയ്‌തു. ക്രമക്കേട് കണ്ടെത്തുന്നതിനായി നിർമാണ ചുമതലയുണ്ടായിരുന്ന ആർ.ബി.ഡി.സിയിലെയും കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് മൊഴിയെടുത്തിരുന്നു. പാലാരിവട്ടം നാലം നിർമാണ വേളയിൽ ആർ.ബി.ഡി.സി ചെയർമാനായിരുന്ന മുഹമ്മദ് ഹനീഷ് ഐ.എ.എസ്സിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പൊതുമരാമത്ത് ചുമതലയുണ്ടായിരുന്ന മന്ത്രിയേയും ചോദ്യം ചെയ്‌തത്.
പാലവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയർന്നു വന്ന വേളയിൽ തന്നെ ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിജിലൻസ് സംഘത്തിന് ചില വിവരങ്ങൾ ആവശ്യമാണന്ന് അറിയിച്ച വേളയിലാണ് മൊഴി നൽകാനെത്തിയതെന്ന് വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ. പറഞ്ഞു.
വളരെ സത്യസന്ധമായാണ് മൊഴി നൽകിയത്. അഴിമതിയുണ്ടായോ എന്ന് തീരുമാനിക്കേണ്ടത് താനല്ല. എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിയോ, പൊതുമരാമത്ത് മന്ത്രിയോ തനിക്കെതിരെ പറയുന്നില്ല. വീഴ്‌ച്ച വരുത്തിയവരെ കണ്ടെത്തുന്നതിനാണ് അന്വേഷണം നടക്കുന്നത്. വീഴ്‌ച്ചയുള്ളതിനാലാണ് പാലത്തിന് കേട് പറ്റിയതെന്നും കൊച്ചിയിൽ വിജിലൻസിന് മൊഴി നൽകിയ ശേഷം അദ്ദേഹം പ്രതികരിച്ചു. അതേസമയം പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിളിച്ച് വരുത്തി വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന.