കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പൊലീസ് ക്ലിയറൻസിനായി ഹൈക്കോടതിയെ സമീപിച്ചു. പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചതിനെതിരെയാണ് പി രാജു ഹൈക്കോടതിയിൽ ഹർജി നൽകിയത്. അടുത്ത മാസം എട്ട് മുതൽ 10 വരെ ദമാസ്ക്കസിൽ നടക്കുന്ന രാജ്യാന്തര തൊഴിലാളി സമ്മേളനത്തിൽ പങ്കെടുക്കാൻ പൊലീസ് നടപടി തടസ്സമായ സാഹചര്യത്തിലാണ് പി രാജു ഹൈക്കോടതിയെ സമീപിച്ചത്.
എറണാകുളത്ത് ഡിഐജി ഓഫീസിലേക്ക് നടത്തിയ സിപിഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പി രാജുവിനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് നിഷേധിച്ചത്. നിലവിലുള്ള പാസ്‌പോര്ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ കഴിഞ്ഞ മാസം പി രാജു തല്‍ക്കാല്‍ സംവിധാനം വഴി പാസ്‌പോര്‍ട്ട് നേടിയിരുന്നു. ഇതിന് ശേഷം നടത്തിയ പൊലീസ് വെരിഫിക്കേഷനില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ച് പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചു. വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഇത് തടസ്സമാകും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പാസ്‌പോര്‍ട്ടിന് ക്ലിയറന്‍സ് നിഷേധിച്ചത്.