എറണാകുളം : ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹോട്ടൽ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. എന്നാല്‍ ഇവരുടെ സുഹൃത്തും പ്രതിയുമായ കോഴിക്കോട് സ്വദേശി അഞ്ജലിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
സൈജു തങ്കച്ചന്‍റെ സുഹൃത്തായ അഞ്ജലിയാണ് തങ്ങളെ ഹോട്ടലിലെത്തിച്ചതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. പരാതിക്കാരിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനും പേര് വെളിപ്പെടുത്തിയ കേസിലും ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും അമ്മയേയും ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാർ ശ്രമിച്ചെന്നാണ് പരാതി.
കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികള്‍
എന്നാൽ പരാതിക്കാരായ അമ്മയും മകളും ചേർന്ന് പീഡന പരാതി കെട്ടിച്ചമച്ച് പണം തട്ടാൻ ശ്രമിക്കുകയാണെന്നാണ് പ്രതികളുടെ ആരോപണം. ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് പ്രതികൾ കേസ് പരിഗണിച്ച വേളയിൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. റോയ് വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
2021 ഒക്ടോബർ 20ന് റോയ് വയലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് കോഴിക്കോട് സ്വദേശിയായ അമ്മയും മകളും പരാതി നൽകിയത്. കൊച്ചിയിൽ മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളാണ് ഹോട്ടലുടമ റോയ് വയലാട്ടും സുഹൃത്ത് സൈജു തങ്കച്ചനും. ഈ കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് പ്രതികൾക്കെതിരെ പീഡന പരാതിയുമായി അമ്മയും മകളും രംഗത്തെത്തിയത്.
Also read: ഇടുക്കിയിൽ യുവതിക്ക് നേരെ മുൻ ഭർത്താവിൻ്റെ ആസിഡ് ആക്രമണം