എറണാകുളം: മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപടി വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി കുടിവെള്ളം, വൈദ്യുതി വിതരണം വിച്ഛേദിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയും ഫ്ലാറ്റുകളില്‍ നോട്ടീസ് പതിപ്പിച്ചു. നഗരസഭയുടെ നിർദേശപ്രകാരം വൈദ്യുതിബന്ധം നാളെ വിച്ഛേദിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഫ്ലാറ്റുകൾ പൊളിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സഹായം തേടുമെന്ന് മരട് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നൽകിയ ഫോർട്ടുകൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.
കൂടാതെ ചെന്നൈ ഐ.ഐ.ടി, കോഴിക്കോട് എൻ.ഐ.ടി, കുസാറ്റ് എന്നിവരുടെയും സഹായം തേടിയിട്ടുണ്ടെന്നും ഫ്ലാറ്റുകൾ എന്ന് പൊളിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സബ് കലക്ടര്‍ പറഞ്ഞു.വിദേശത്തുള്ള ഫ്ലാറ്റ് ഉടമകൾ കൂടി എത്തിയതിനുശേഷം സമരസമിതിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തി തുടർ നടപടികളെക്കുറിച്ച് ആലോചിക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.