എറണാകുളം: രൂപമാറ്റം വരുത്തിയ ബൈക്കിൽ ലൈസൻസില്ലാതെ ഹെൽമറ്റും മാസ്‌കും ഷർട്ടും ധരിക്കാതെ യാത്ര നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരസ്യമായി നിയമം ലംഘിച്ചുള്ള യുവാവിന്‍റെ ബൈക്ക് യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
പരസ്യമായ നിയമ ലംഘനം
സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മുനമ്പത്ത് നിന്നുള്ളതാണ് ദൃശ്യങ്ങളെന്ന് കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യനെ പിടികൂടിയത്. വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. മാസ്‌ക് ധരിച്ചില്ല , കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള യാത്ര, ലൈസൻസില്ലാതെ വാഹനമോടിച്ചു, അനുമതിയില്ലാതെ ബൈക്കിൽ രൂപമാറ്റം വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
ബൈക്കുടമയായ സുഹൃത്തിനെതിരെയും കേസ്
അറസ്റ്റിലായ യുവാവിന്‍റെ സുഹൃത്തിന്‍റേതാണ് ബൈക്ക് എന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾക്കെതിരെയും പൊലീസ് കേസെടുക്കും. റിച്ചലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിന് വിവരം കൈമാറിയെന്നും പൊലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയായിരുന്നു യുവാവിന്‍റെ ബൈക്ക് യാത്ര. ഇയാളുടെ സുഹൃത്തുക്കൾ തന്നെയാണ് മറ്റൊരു ബൈക്കിൽ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തിയത്.
ALSO READ: 'നെപ്പോളിയന് ലോക്കിട്ടു'; ഇ ബുൾജെറ്റ് വ്ളോഗർമാരുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി