എറണാകുളം : ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ ഉടൻ നടപടിയില്ലന്ന് താരസംഘടന അമ്മ. കോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ നടപടി വേണ്ടെന്ന് അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. വിജയ് ബാബുവും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ പങ്കെടുത്തു.
ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു എക്‌സിക്യുട്ടീവ് യോഗത്തില്‍ നിന്നും സ്വയം മാറി നിന്നിട്ടുണ്ട്. അതിനാല്‍ കോടതി വിധി വരുന്നതു വരെ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടതില്ലെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. കൊച്ചിയിലെ നിരവധി ക്ലബ്ബുകളില്‍ വിജയ് ബാബു ഇപ്പോഴും അംഗമായി തുടരുന്നുണ്ട്, അവർ പുറത്താക്കിയിട്ടില്ലെന്നും അമ്മയും ഒരു ക്ലബ്ബാണെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ബാബുവിനെതിരെ നടപടിയെടുത്താൽ വെറുമൊരു കുറ്റാരോപിതനെതിരെ എന്തിന് നടപടിയെത്തുവെന്ന് ചോദിച്ചാൽ ഞങ്ങൾ മറുപടി പറയേണ്ടിവരില്ലേയെന്ന് സിദ്ധിഖ് ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ പുറത്താക്കിയതിനാലാണ് അദ്ദേഹം സംഘടനയിൽ നിന്ന് രാജി വെച്ച് പോയത്. അന്ന് പുറത്താക്കേണ്ടതില്ലായിരുന്നു. അന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചെങ്കിൽ തിരുത്തുകയല്ലേ വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്ക ലംഘനം നടത്തിയ ഷമ്മി തിലകനെ പുറത്താക്കാന്‍ ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമ നിലപാടെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. തൊഴിലിടം അല്ലാത്തതിനാല്‍ അമ്മയില്‍ മാത്രമായി ഇനി ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാകില്ല. സിനിമയ്ക്ക് മൊത്തമായി കേരള ഫിലിം ചേംബറിന് കീഴില്‍ പുതിയ ഐസിസി വരുമെന്നും ഇടവേള ബാബു വ്യക്തമാക്കി.
പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പടെയുള്ള ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.