എറണാകുളം: കാലടി മണപ്പുറത്ത് സിനിമയുടെ ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത അക്രമി സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാലടി നീലീശ്വരം പാലയ്ക്കാപ്പറമ്പില്‍ വീട്ടില്‍ വിഷ്ണു പ്രസാദിനെ (30)യാണ് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കേസിലെ ഒന്‍പതാം പ്രതിയാണ്. സെറ്റ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യ സൂത്രധാരനടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികള്‍ക്കെതിരെ സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടമുണ്ടാക്കല്‍, മത സ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഡാലോചന, മോഷണം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൂടാതെ ഇവരുടെ മുന്‍കാല ചരിത്രം പരിശോധിച്ച് കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടികളും നടന്നുവരികയാണ്. പെരുമ്പാവൂര്‍ എസ്.എച്ച്.ഒ സി ജയകുമാര്‍, അഡീഷണല്‍ എസ്.ഐ റിന്‍സ് തോമസ്, എ.എസ്.ഐമാരായ രാജു പോള്‍, രാജേന്ദ്രന്‍, സി.പി.ഒ പ്രിജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.