എറണാകുളം: മുത്തൂറ്റ് ഫിനാന്‍സിന്‍റെ കൊച്ചിയിലെ ഓഫീസിന് മുന്നിലെ ജീവനക്കാരുടെ സമരം അവസാനിച്ചു. തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് മാനേജ്മെന്‍റും ജീവനക്കാരും ചര്‍ച്ച നടത്താമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം ബാനാര്‍ജി റോഡിലെ മുത്തൂറ്റ് ഫിനാന്‍സ് മുഖ്യ കാര്യാലയത്തിന് മുന്നില്‍ രണ്ടാഴ്ചയായി മുത്തൂറ്റ് ഓഫീസിലെ ജീവനക്കാര്‍ സമരം നടത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സമരത്തെ പിന്തുണച്ച് സിഐടിയു പ്രവര്‍ത്തകരെത്തിയത്. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകുക, ശമ്പള വർധനവ്, യൂണിയനുമായുള്ള കരാർ വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇന്ന് രാവിലെ ജോലി ചെയ്യാനെത്തിയ മുന്നൂറ്റിയമ്പതോളം ജീവനക്കാരെ സിഐടിയു തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ബാഹ്യശക്തികളാണ് സമരത്തിന് പിന്നിലെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ ആരോപിച്ചു.