എറണാകുളം: കൂണ്‍കൃഷിയിലൂടെ വന്‍ വിജയം നേടിയ കഥയാണ് ലിസി കുരുവിള എന്ന കര്‍ഷകയുടേത്. പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ലിസി കുരുവിളയാണ് കൃഷിയില്‍ വിജയഗാഥകള്‍ രചിക്കുന്നത്. തന്‍റെ ഏഴരയേക്കര്‍ സ്ഥലത്ത് ലിസി തെങ്ങ്, റബര്‍, വാഴ, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട്. ഇതിനിടെ ഒരു സാധാരണ സമ്മശ്ര കര്‍ഷക എന്നതില്‍ നിന്ന് ഒരു പരീക്ഷണാര്‍ഥമാണ് ലിസി കൂണ്‍കൃഷിയിലേക്ക് തിരിഞ്ഞത്. മറ്റു കൃഷികള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ലിസി കൂണ്‍ പരിപാലനവും ഏറ്റെടുത്തിരിക്കുന്നത്.
ഉപയോഗിക്കാതെ കിടന്നിരുന്ന പഴയ വീടാണ് കൂൺകൃഷിക്കായി തെരഞ്ഞെടുത്തത്. ആയിരം ബെഡ് കൂണുകളാണ് ഇപ്പോൾ ലിസിയുടെ കൃഷിയിടത്തിൽ വളരുന്നത്. മികച്ച ഇനത്തില്‍പ്പെട്ട ചിപ്പി കൂണുകളാണ് ലിസിയുടെ ശേഖരത്തിലുള്ളത്. സൂപ്പർമാർക്കറ്റുകളിലും സമീപത്തെ വീടുകളിലുമാണ് പ്രധാനമായും കൂൺ വില്‍പ്പന നടത്തുന്നത്. ലിസി കുരുവിളയുടെ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന് എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ടെന്ന് കൃഷി ഓഫീസർ മീര പറഞ്ഞു.
ലാഭകരമായി നടത്താവുന്നതാണ് കൂൺകൃഷിയെന്ന് ലിസി പറയുന്നു. ഒരോ പ്രാവശ്യവും ബെഡുകളുടെ എണ്ണം വർദ്ധിപ്പിച്ചു കൊണ്ട് കൃഷി വിപുലമാക്കുകയാണ് ലിസി. മികച്ച വരുമാനം ലഭിക്കുന്നതിന് സ്ത്രീകൾ കൂൺകൃഷി രംഗത്തേക്ക് കൂടുതലായി കടന്നുവരണമെന്നാണ് ഈ വനിതാ കർഷകയുടെ അഭിപ്രായം.