എറണാകുളം: മോൻസൺ കേസിലെ ഹൈക്കോടതി ഇടപെടലിനെതിരെ സർക്കാർ. മോൻസണിന്‍റെ മുൻ ഡ്രൈവർ അജിത്ത് സമർപ്പിച്ച ഹർജിയിൽ ക്രൈംബ്രാഞ്ച് മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതി ഇടപെടലിനെതിരെ വിമര്‍ശനമുന്നയിച്ചത്.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കോടതി പരിധി വിടുകയാണ്. ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങളിലും കോടതി ഇടപെടുന്നത് ശരിയല്ല. കോടതിയുടെ ചില അഭിപ്രായ പ്രകടനങ്ങള്‍ കേസന്വേഷണത്തെ ബാധിക്കുന്നു.
ഇഡിയെ കക്ഷി ചേര്‍ക്കാനുള്ള നീക്കം ശരിയല്ലെന്നും സര്‍ക്കാർ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മോൻസണിന്‍റെ കേസിലെ സിബിഐ അന്വേഷണം ഏർപ്പെടുത്തുന്നതിൽ ഹൈക്കോടതി നേരത്തെ കേന്ദ്ര സർക്കാർ നിലപാട് തേടിയിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് കോടതി തീരുമാനത്തിനെതിരെ സർക്കാർ രംഗത്തെത്തിയത്. മോൻസണുമായി ബന്ധപ്പെട്ട സംഭവങ്ങൾ തമാശയായി കാണാനാകില്ല. ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്നത് ലാഘവത്തോടെ കാണാനാകില്ലന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേ സമയം മോൻസൺ കേസിൽ പ്രാഥമികാന്വേഷണം തുടങ്ങിയതായി ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പൊലീസ് കേസെടുക്കാൻ വൈകിയതിനാലാണ് ഇഡിയും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതെന്നും കോടതിയെ അറിയിച്ചു. കേസിൽ ഇഡിയെ കക്ഷിചേർത്ത കോടതി ഹർജി അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റിയിരുന്നു. ഇതിനിടെയാണ് കോടതി തീരുമാനങ്ങളിൽ അതൃപ്തി അറിയിച്ച് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
READ MORE: Monson Case |മോന്‍സണ്‍ കേസ് : സിബിഐ അന്വേഷണത്തില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി