എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോൻസൺ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ എ.സി.ജെ.എം കോടതി കസ്റ്റഡിയിൽ വിട്ടത്. ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചാണ് നടപടി. കിളിമാനൂർ സ്വദേശി സന്തോഷിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണിത്.
പുരാവസ്‌തുക്കൾ നൽകിയ വകയിൽ മൂന്ന് കോടിയോളം രൂപ മോൻസൺ നൽകാനുണ്ടെന്നായിരുന്നു സന്തോഷിന്‍റെ പരാതി. പുരാവസ്‌തുക്കൾ ശേഖരിച്ച് സൂക്ഷിച്ചിരുന്ന തനിക്ക് പണം നൽകാതെ മോൻസൺ വഞ്ചിച്ചെന്നും ഇയാൾ പരാതിയിൽ പറയുന്നു.
READ MORE: ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നും ലക്ഷ്‌മണയില്‍ നിന്നും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
മോൻസണിന്‍റെ പക്കലുള്ള മോശയുടെ അംശവടി, കൃഷ്‌ണന്‍റെ വെണ്ണ ഉറി എന്നിവ അടക്കം നിരവധി പുരാവസ്‌തുക്കൾ ഇയാൾക്ക് കൈമാറിയത് സന്തോഷാണ്. ഈ വസ്‌തുക്കൾ മോൻസൺ അവകാശപ്പെടുന്നതുപോലെ അംശവടിയോ കൃഷ്‌ണന്‍റെ ഉറിയോ അല്ലെന്നും 40 മുതൽ അറുപത് വർഷം വരെ മാത്രം പഴക്കമുള്ള പുരാവസ്‌തുക്കളാണെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു.
താൻ നൽകിയ പഴക്കമുള്ള വസ്‌തുക്കൾക്ക് സ്വന്തം വ്യാഖ്യാനം നൽകി തട്ടിപ്പിന് ഉപയോഗിക്കുകയായിരുന്നു. പുരാവസ്‌തു തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും സന്തോഷ് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ മൂന്ന് കേസുകളിൽ ക്രൈംബ്രാഞ്ച് മോൻസണെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌തിരുന്നു.