എറണാകുളം: കൊവിഡ് രോഗികളെ പരിചരിക്കാൻ ഇനി റോബോട്ടും രംഗത്ത്. മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് കൊച്ചി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ട് വാങ്ങി നൽകിയത്. രണ്ടര ലക്ഷം രൂപ വില വരുന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർ കൂടിയായ സംവിധായകൻ മേജർ രവി ജില്ലാ കലക്‌ടര്‍ എസ്. സുഹാസിന് കൈമാറിയത്. അസിമോവ് റോബോട്ടിക്സ് എന്ന കമ്പനി നിർമിച്ച കർമി ബോട്ട് എന്ന് പേരിട്ടിരിക്കുന്ന റോബോട്ടാണ് ഇനി രോഗികളെ പരിചരിക്കുന്നതിന് ആരോഗ്യ പ്രവർത്തകർക്കൊപ്പം കൊവിഡ് വാർഡിലുണ്ടാകുക.
കൊറോണ വാര്‍ഡിലുള്ള രോഗികൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുക, രോഗികൾ കഴിച്ചതിനു ശേഷമുള്ള വേസ്‌റ്റ് ശേഖരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ റോബോട്ട് പ്രധാനമായും നിർവഹിക്കുന്നത്. ഇത് കൂടാതെ രോഗികളുമായി സംവദിച്ച് മറ്റെന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ അത് ഡോക്ടറെയോ നഴ്സുമാരെയോ അറിയിക്കാനും ഈ റോബോട്ട് സഹായിക്കും. പൂർണമായും സ്വയം നിയന്ത്രിതമായ റോബോട്ടാണ് ഇത്.
കൊവിഡ് വാർഡിലെ രോഗികളുടെ ബെഡുകളും മറ്റു വിവരങ്ങളും മാപ്പ് ചെയ്ത് സെറ്റ് ചെയ്‌താൽ എവിടെയൊക്കെ പോകണമെന്നും തിരിച്ചു വരണമെന്നുമുള്ള കാര്യങ്ങൾ റോബോട്ടിനു തന്നെ അറിയാൻ സാധിക്കും. അതുകൊണ്ട് മനുഷ്യൻ നിയന്ത്രിക്കാതെ തന്നെ ഇത് കാര്യങ്ങൾ ചെയ്ത് കൊള്ളും. അണുവിമുക്തമാക്കിയായിരിക്കും രോഗികളുടെ അടുക്കൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഈ 'കർമി ബോട്ട്' കാര്യങ്ങൾ ചെയ്യുന്നത്. നിർമാണ കമ്പനിയായ അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണൻ റോബോട്ടിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.