എറണാകുളം: കൊവിഡിന്‍റെ മറവിൽ വൈദ്യുത ബോർഡ് ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. മാത്യൂ കുഴൽനാടൻ. കൊവിഡ് ബാധയെ തുടർന്നുണ്ടായ സാഹചര്യം മുതലെടുത്താണ് ഉപഭോക്താക്കൾക്ക് മേൽ ഉയർന്ന സ്ലാബ് ചുമത്തി അനധികൃതമായി സാമ്പത്തിക നേട്ടമുണ്ടാക്കുന്നത്. കോടികളാണ് ഇത്തരത്തിൽ വൈദ്യുത ബോർഡ് സമാഹരിച്ചത്.
രണ്ട് മാസത്തിലൊരിക്കൽ മീറ്റർ റീഡിംഗ് രേഖപ്പെടുത്തിയാണ് ബില്ല് നൽകാറുള്ളത്. ഇത്തവണ രണ്ടര മാസത്തിന് ശേഷം മീറ്റർ റീഡിംഗ് രേഖപ്പെടുത്തുമ്പോഴുണ്ടാകുന്ന അധിക ഉപഭോഗത്തിനനുസരിച്ച് സ്ലാബിൽ വ്യത്യാസം വരുന്നു. ഇത് പരിഗണിക്കാതെയാണ് അമിത ചാർജ് ഈടാക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്. ഈ പാളിച്ച മനസിലാക്കി ഏപ്രിൽ മെയ് മാസങ്ങളിലെ പ്രത്യേക ബില്ല് നൽകാൻ കെ.എസ്.ഇ.ബി തയ്യാറാകണം. എങ്കിൽ ഉപയോഗിച്ച തുക കെ.എസ്.ഇ.ബിക്ക് ലഭിക്കുകയും ഉപഭോക്താവിന്‍റെ നഷ്ടം ഒഴിവാക്കാനും കഴിയും. എല്ലാ ഉപഭോക്താക്കളും ഇത്തവണത്തെ വെദ്യുതി ബില്ല് പരിശോധിക്കണമെന്നും തെറ്റായി രേഖപ്പെടുത്തിയ ബില്ല് തിരുത്തി നൽകാൻ കെ.എസ്.ഇ.ബി.യെ സമീപിക്കണമെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.