കൊച്ചി: മരട് ഫ്ലാറ്റിലെ താമസക്കാര്‍ ഇന്നലെ മുതല്‍ ഒഴിഞ്ഞു തുടങ്ങി. മരട് ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റിലെ താമസക്കാരാണ് ആദ്യം ഒഴിഞ്ഞത്. മറ്റു ഫ്ലാറ്റിലുള്ളവര്‍ ഇന്ന് ഉച്ചയോടെ ഒഴിയും. ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് പൊളിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ആദ്യം പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇപ്പോള്‍ സ്ഥലം വിട്ടു.
നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിങ്ങനെ അംബരചുംബികളായി നില്‍ക്കുന്ന അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിക്കാനുള്ളത്. 138 ദിവസമാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചിരിക്കുന്ന സമയം.
2006ലാണ് കെട്ടിട നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റി നടപടികള്‍ തുടങ്ങുന്നത്. അതോടെ നിയമം ലംഘിച്ചവരെല്ലാം പേടിച്ചു തുടങ്ങി. ഫ്ലാറ്റ് നിര്‍മാതാക്കള്‍ ആദ്യം പേടിച്ചെങ്കിലും എന്നത്തേയും പോലെ രക്ഷപ്പെടാമെന്ന ആത്മവിശ്വാസം ഉണ്ടായി. പക്ഷേ, നടന്നില്ല. അന്ന് തുടങ്ങിയ കോലാഹലം എത്തി നില്‍ക്കുന്നത് 2019 സെപ്തംബര്‍ 28ലാണ്. നിയന്ത്രിത സ്ഫോടനം നടത്തി പൊളിക്കാന്‍ പോകുന്ന മരട് സഞ്ചരിച്ച നിയമ വഴികളും കോലാഹലങ്ങളും...നാള്‍ വഴികള്‍.....
2006 ജൂണ്‍- 17 - തീരദേശപരിപാലന നിയമത്തിലെ നിര്‍ദേശങ്ങള്‍ പാലിച്ചു മാത്രം കെട്ടിട നിര്‍മാണാനുമതികള്‍ നല്‍കാവൂ എന്ന് കാണിച്ച് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റി സര്‍ക്കുലര്‍ നല്‍കുന്നു.
സര്‍ക്കുലര്‍ വന്നെങ്കിലും 2006 ഓഗസ്റ്റ് , സെപ്റ്റംബർ – മാസങ്ങളില്‍ ഫ്ലാറ്റ് പണിയുന്നതിനു മരട് ഗ്രാമ പഞ്ചായത്ത് നിര്‍മാണാനുമതി നല്‍കുന്നു. എന്നാല്‍ പിടി വീഴാന്‍ അധികം താമസമുണ്ടായില്ല. 2006ല്‍ തുടങ്ങിയ നിര്‍മാണം 2007ലെത്തി നില്‍ക്കുമ്പോഴേക്കും പഞ്ചായത്ത് വിജിലന്‍സ് കടക്കല്‍ കത്തിവെച്ചു.
2007 ല്‍- നിർമാണം പുരോഗമിക്കുന്നതിനിടെയാണ് പഞ്ചായത്ത് വിജിലൻസ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
2007 മേയ് 18 -സീനിയർ ടൗൺ പ്ലാനറുടെ റിപ്പോർട്ടിൽ പറയുന്നതും അനധികൃത നിർമാണം നടക്കുന്നതുമായ 31 കെട്ടിങ്ങളുടെ അനുമതി റദ്ദാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി നിര്‍ദേശിച്ചു.
2007 ജൂൺ 4- പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം ചൂണ്ടിക്കാണിച്ചു ഫ്ലാറ്റ് നിർമാതാക്കൾക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസ് നല്‍കി.
2007 ജൂലൈ - ഫ്ലാറ്റ് നിർമാതാക്കൾ നോട്ടിസിനു മറുപടി നൽകാതെ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നല്‍കി.
2007 ജൂലൈ 31– ഹൈക്കോടതി നോട്ടിസ് സ്റ്റേ ചെയ്തു. പകരം പഞ്ചായത്തിനെ സ്റ്റോപ് മെമ്മോ നൽകാൻ ചുമതലപ്പെടുത്തി. പഞ്ചായത്ത് അത് അവഗണിച്ചു. നിർമാണം തുടര്‍ന്നു.
2010 നവംബർ - മരട് പഞ്ചായത്ത് മരട് മുനിസിപ്പാലിറ്റിയായി ഉയർത്തി.
2012 സെപ്റ്റംബർ 19– നിർമാതാക്കളുടെ ഹർജിയിൽ സിംഗിൾ ബെഞ്ചിൽനിന്ന് അനുകൂല വിധി. പരാതിയിലും വിചാരണക്കിടയിലും തീരദേശ പരിപാലന ചട്ടം ലംഘിച്ചത് ഇരുകൂട്ടരും മനഃപൂർവം മറച്ചുവെച്ചാണു ഫ്ലാറ്റ് നിർമാതാക്കൾ അനുകൂലവിധി സമ്പാദിച്ചതെന്ന് ആരോപണം ഉയര്‍ന്നു.
2013 –- സിംഗിൾ ബെഞ്ച് വിധികൾക്കെതിരെ മരട് നഗരസഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. റിട്ട് അപ്പീൽ നൽകി. കേരള കോസ്റ്റൽ സോൺ മാനേജ്മെന്‍റ് അതോറിറ്റിയും കേസില്‍ കക്ഷി ചേരുന്നു.
2015 ജൂൺ 2 – സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. നഗരസഭയുടെ റിട്ട് അപ്പീലുകൾ തള്ളി.
2015 നവംബർ 11- വിധി പുനഃപരിശോധിക്കണമെന്ന കേരള കോസ്റ്റൽ സോൺ മാനേജമെന്‍റ് അതോറിറ്റിയുടെ ഹർജി ഹൈക്കോടതി തള്ളി
2016 ജനുവരി –- ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള കോസ്റ്റൽ സോൺ മാനേജ്മെന്‍റ് അതോറിറ്റി സുപ്രീംകോടതിയില്‍
2017 ഏപ്രിൽ 6 - പല പോസ്റ്റിങ്ങുകളിലും മരട് നഗരസഭയ്ക്കു വേണ്ടി ആരും ഹാജരാകാത്തതിനെ തുടർന്നു നഗരസഭക്ക് നോട്ടീസയക്കാന്‍ സുപ്രീംകോടതി ഉത്തരവ്.
2018 നവംബർ 27–- കെട്ടിടങ്ങൾ സി.ആര്‍.ഇ.സെഡ് മേഖല രണ്ടിലാണോ മൂന്നിലാണോ നിൽക്കുന്നതെന്നു തീർച്ച വരാത്തതിനാൽ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, മരട് മുൻസിപ്പൽ സെക്രട്ടറി ജില്ലാ കലക്ടർ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി.
2019 മേയ് 8 - സി.ആർ.ഇ.സെഡ് മേഖല മൂന്നിലാണെന്ന് റിപ്പോർട്ടിൽ സമിതി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ച് റിപ്പോർട്ട് പരിശോധിച്ചു. ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്.
സെപ്റ്റംബർ 15 - ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ നഗരസഭ നൽകിയ നോട്ടിസിന്റെ കാലാവധി അവസാനിച്ചു.
സെപ്റ്റംബർ 17 –-സർവകക്ഷിയോഗം ചേര്‍ന്നു.
സെപ്റ്റംബർ 20 –- ഫ്ലാറ്റ് പൊളിച്ചു മാറ്റാൻ സുപ്രീംകോടതി നിർദേശിച്ച അവസാന ദിവസം.
സെപ്റ്റംബർ 23 –- ഫ്ലാറ്റ് പൊളിച്ചുനീക്കിയ റിപ്പോർട്ടുമായി ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഹാജരായി. കടുത്ത ഭാഷയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ശാസിച്ചത്. കേരളത്തില്‍ മാത്രം ഒരു വിധിയും നടപ്പാകുന്നില്ലെന്നുള്‍പ്പെടെ കടുത്ത ഭാഷയില്‍ നിരവധി പ്രസ്താവനകള്‍ കോടതി നടത്തി. എല്ലാ നിയമലംഘനങ്ങളും അറിയിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
സെപ്തംബര്‍ 24- ഫ്ലാറ്റിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഏകോപിപ്പിക്കാന്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു. നഗരസഭാ സെക്രട്ടറിയെ നീക്കി കൊച്ചി സബ്കലക്ടര്‍ സ്നേഹില്‍ കുമാറിന് ചുമതല. ഒഴിപ്പിക്കലിനെതിരെ മരടിലെ ഫ്ലാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
സെപ്തംബര്‍ 26- താമസക്കാരെ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. ജല അതോറിറ്റിയും കെഎസ്ഇബിയും വന്‍ പൊലീസ് സന്നാഹത്തോടെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. നിലവില്‍ സ്വീകരിച്ച എല്ലാ നടപടിക്രമങ്ങളും വിശദീകരിച്ചുകൊണ്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
സെപ്തംബര്‍ 27- മരടിലെ നാല് അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഉടമകള്‍ക്ക് താല്‍ക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നാലാഴ്ചക്കകം സര്‍ക്കാര്‍ നല്‍കണമെന്ന് സുപ്രീംകോടതി. അടുത്ത മാസം 25ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കിയതിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി.
സെപ്തംബര്‍ 28- ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സര്‍ക്കാര്‍ തയ്യാറാക്കിയ കര്‍മ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനം. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ തീരുമാനം. ഫ്ളാറ്റ് ഉടമകള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുക സംബന്ധിച്ച് പരിശോധന നടത്തുന്നതിന് മൂന്നംഗ സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി.