കൊച്ചി: എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി.ജെ വിനോദിനും കൊച്ചി നഗരസഭ ഭരണസമിതിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി എൽഡിഎഫ് രംഗത്ത്. കൊച്ചി നഗരത്തിലെ 80 ശതമാനം റോഡുകളും തകര്‍ന്നുകിടക്കുകയാണ്. ഇതിന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയര്‍കൂടിയായ ടി.ജെ വിനോദ് മറുപടി പറയണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ആവശ്യമായ പിന്തുണ നൽകിയിട്ടും മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തിയത് കോർപ്പറേഷനാണ്. മേയറും ഡെപ്യൂട്ടി മേയറും പ്രവർത്തിക്കുന്നത് സ്വന്തം താല്പര്യത്തിന് വേണ്ടിയാണ്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഫയൽ തടഞ്ഞുവച്ചിരിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു. അഴിമതി ലക്ഷ്യമിട്ടാണ് ഒരു വർഷമായി ഫയലുകൾ തടഞ്ഞുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭവന പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് പെർഫോമൻസ് ഓഡിറ്റ് വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയായ ഭവന പദ്ധതിയാണ് കൊച്ചി കോർപ്പറേഷൻ അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിർമാണ കമ്പനിക്ക് സെക്യൂരിറ്റി തുക തിരിച്ച് നൽകിയതും അഴിമതിയുടെ ഉദാഹരണമാണ്.
മുൻ മന്ത്രിയും എംഎൽഎയുമായ ഇബ്രാഹിം കുഞ്ഞിനെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് യുഡിഎഫ് വ്യക്തമാക്കണം. അറസ്റ്റ് ഭയന്ന് ഇബ്രാഹിം കുഞ്ഞ് എംഎൽഎ മുങ്ങിയിരിക്കുകയാണെന്നും സി.എൻ മോഹൻ ആരോപിച്ചു. ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ രംഗത്ത് ഇറക്കിയാൽ കിട്ടേണ്ട വോട്ടുകൾ പോലും നഷ്ടമാകുമെന്നതിനാലാണ് മാറ്റി നിർത്തിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. പാലാരിവട്ടം അഴിമതി ആരോപണത്തിൽ ഒരിക്കൽ പോലും ആരോപണ വിധേയനായ ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് യുഡിഎഫ് എംഎല്‍എമാര്‍ രംഗത്ത് വന്നില്ലെന്നത് ശ്രദ്ധേയമാണെന്നും എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണത്തിനൊടുവിൽ ഇബ്രാഹിം കുഞ്ഞ് കുടുങ്ങുമെന്നും പി.രാജു പറഞ്ഞു. സാമുദായിക പരിഗണനയില്ലാതെയാണ് മണ്ഡലത്തിൽ മനു റോയിയെ ഇടതുമുന്നണി സ്ഥാനാർഥിയാക്കിയതെന്നും എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി.